‘സമം’ ജില്ലാതല പ്രവര്‍ത്തനോദ്ഘാടനവും സാസ്‌കാരികോത്സവും 25ന് ബത്തേരിയില്‍.

0

ലിംഗപദവി തുല്യത എന്ന ആശയം ഓരോ വ്യക്തിയിലും കുടുംബത്തിലും എത്തിക്കുന്നതിനു സംസ്ഥാന സാംസ്‌കാരിക വകുപ്പ് ആവിഷ്‌കരിച്ച ‘സമം’ പദ്ധതി പ്രവര്‍ത്തനവും സാംസ്‌കാരികോത്സവവും ചിത്രകാരിയും വിവിധ വിദേശ സര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറുമായ ഡോ.ചൂഡാമണി നന്ദഗോപാല്‍ ഉദ്ഘാടനം ചെയ്യും.രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെ പോലീസ് സ്റ്റേഷന്‍ റോഡിലെ സിഎസ്ഐ പാരിഷ് ഹാളിലാണ് പരിപാടിയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ജില്ലയില്‍ വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച സുജിത ഉണ്ണികൃഷ്ണന്‍, കെ.പി. വിജയി, കെ.എം. കൃഷ്ണേന്ദു, സജ്ന സജീവന്‍, ഡോ.വി.ആര്‍. താര, പി.സി. വത്സ, എ. ദേവകി, കുംഭാമ്മ, ടി.എം. രേണുക, ഷംല ഇസ്മയില്‍ എന്നിവരെ അവര്‍ ആദരിക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ. രമേശ് അധ്യക്ഷത വഹിക്കും. ചിത്രകാരിയും ആര്‍ട് ക്യുറേറ്ററുമായ ശ്യാമള രാമാനന്ദ്, എന്‍. കൃഷ്ണമൂര്‍ത്തി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.മൂലങ്കാവ് നാഷണല്‍ ലൈബ്രറിയിലെ വനിതാ അംഗങ്ങളുടെ നാടന്‍പാട്ട് നൃത്താവിഷ്‌കാരം, തിരുവാതിര, നാടകം, കോട്ടത്തറ നീരൂര്‍ക്കുന്ന് കോളനിയിലെ ജാനകിയുടെയും സംഘത്തിന്റെയും പണിയനൃത്തം, നൂല്‍പ്പുഴ ഊരാളിക്കുറുമ കോളനിയിലെ പിടിച്ചിയുടെയും സംഘത്തിന്റെയും കൊകൊട്ടിക്കളി, ബിന്‍ഷയുടെ പാട്ട് തുടങ്ങിയവ അരങ്ങേറും.’സമം’ പദ്ധതിയില്‍ സ്ത്രീപക്ഷ സിനിമകളുടെ പ്രദര്‍ശനം, പെണ്ണെഴുത്ത് കൂട്ടായ്മ, രാത്രി നടത്തം, പ്രതിഭാസംഗമം, ഗ്രാഫിറ്റി ആര്‍ട്ട് തുടങ്ങി ഒരു വര്‍ഷത്തെ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ‘സമം’ കണ്‍വീനറും കേരള ലളിതകലാ അക്കാദമി വൈസ് ചെയര്‍മാനുമായ എബി എന്‍. ജോസഫ്, സംഘാടക സമിതി ഭാരവാഹികളായ എ. ദേവകി, പി.ആര്‍. നിര്‍മല, ടി. ശശികുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!