കളഞ്ഞുകിട്ടിയ പണം ഉടമസ്ഥന് തിരികേയേല്‍പ്പിച്ച് ദമ്പതികള്‍ മാതൃകയായി. കരിവള്ളിക്കുന്ന് സ്വദേശിയായ എസ് എസ് അശോകനും ഭാര്യ അശ്വതിയുമാണ് സുല്‍ത്താന്‍ ബത്തേരി ടൗണില്‍ നിന്ന് കളഞ്ഞ് കിട്ടിയ പണം തിരികെ ഏല്‍പ്പിച്ചത്.
തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ ഗാന്ധി ജങ്ഷന് സമീപത്തെ ബൈപ്പാസില്‍വെച്ച് 8450 രൂപ സ്‌കൂട്ടിയില്‍ വരുകയായിരുന്ന ദമ്പതികള്‍ക്ക് വീണുകിട്ടിയത്. തുടര്‍ന്ന് ഈ പണം സുല്‍ത്താന്‍ ബത്തേരി പൊലിസ് സ്റ്റേഷനിലെത്തി എസ് ഐ പി ഡി റോയിച്ചന് കൈമാറുകയായിരുന്നു.
പുല്‍പ്പള്ളി സ്വദേശിയായ മൊയ്തീന്‍ പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അശോകനും ഭാര്യയും പണവുമായി സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് ദമ്പതികളുടെ സാന്നിധ്യത്തില്‍ പൊലിസ് മൊയ്തീന് പണം കൈമാറി.