വന്യജീവി – മനുഷ്യ സംഘര്‍ഷങ്ങളെ നിരീക്ഷിക്കാന്‍ ലെന്‍സ് വന്യജീവി നിരീക്ഷണ സംവിധാനം

0

വര്‍ധിച്ചുവരുന്ന വന്യജീവി – മനുഷ്യ സംഘര്‍ഷങ്ങളെ കൃത്യമായി നിരീക്ഷിക്കുവാനും, പങ്കാളിത്ത വിവര ശേഖരണത്തിനുമായി ജില്ലയിലെ കര്‍ഷകരുടെയും ഗവേഷകരുടെയും കൂട്ടായ്മ പ്രവര്‍ത്തനം ആരംഭിക്കുന്നു.ലെന്‍സ് വന്യജീവി നിരീക്ഷണ സംവിധാനം എന്ന പേരില്‍ വയനാട്ടില്‍ ഉണ്ടായികൊണ്ടിരിക്കുന്ന മനുഷ്യവന്യജീവി സംഘര്‍ഷങ്ങളെ സംബന്ധിച്ച് ജനപങ്കാളിത്തത്തോടെ വിവരശേഖരണം നടത്തി കൃത്യമായ വിവരങ്ങള്‍ ഉണ്ടാക്കിയെടുക്കുക എന്നതാണ് പരിപാടിയുടെ പ്രാഥമിക ലക്ഷ്യമെന്ന് സമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മനുഷ്യരുമായി സംഘര്‍ഷത്തിലാകുന്ന വന്യജീവികള്‍, അവ ഉണ്ടാക്കുന്ന നഷ്ടങ്ങള്‍, നഷ്ടപരിഹാരത്തിന്റെ ലഭ്യത, അതീവ സംഘര്‍ഷ പ്രദേശങ്ങള്‍, ഓരോ പ്രദേശത്തെയും സംഘര്‍ഷത്തിന്റെ തോത്, കാരണങ്ങള്‍ എന്നിവ ചിട്ടയായ വിവരശേഖരണത്തിലൂടെ മനസ്സിലാക്കുകയാണ് ലക്ഷ്യം.

 

ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കും, പ്രാദേശീക സര്‍ക്കാരുകള്‍ക്കും, വിവിധ വകുപ്പുകള്‍ക്കും, സംസ്ഥാന സര്‍ക്കാരിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഉപകാരപ്പെടും എന്ന് കരുതുന്നതായി ഇവര്‍ പറഞ്ഞു. . ഇതിനായി തുടര്‍ച്ചയായി പഞ്ചായത്തു തലത്തിലും ജില്ലാതലത്തിലും ശില്പശാലകള്‍ സംഘടിപ്പിക്കുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്യും. ഇതിലൂടെ വയനാടിന്റെ വിവിധ മേഖലകളില്‍ വന്യജീവി സംഘര്‍ഷം കൂടുന്നത്തിനുള്ള കാരണങ്ങള്‍ കണ്ടെത്താനും ഓരോ പ്രദേശത്തും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഏതുതരം ഇടപെടലുകള്‍ ആണ് നടത്തേണ്ടതെന്ന് തീരുമാനിക്കാനും കഴിയും. വിവരങ്ങള്‍ ശേഖരിക്കുന്നതു വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരജെടുത്ത കര്‍ഷകര്‍ ആയിരിക്കും, ഹ്യൂം സെന്റര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനും അവ വിശകലനം ചെയ്യുന്നതിനും ഉള്ള സാങ്കേതിക സഹായം നല്‍കും. ആദ്യഘട്ടം ഒരു പഞ്ചായത്തില്‍ നിന്ന് നാലാള്‍ വീതം വിവരശേഖരണം നടത്തുകയും ക്രമേണ പങ്കാളിത്തം കൂട്ടാനും ആണ് ഉദ്ദേശിക്കുന്നത്.
പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി ടി.സി.ജോസഫ് ചെയര്‍മാനും ഡോ.ടി.ആര്‍ സുമ കണ്‍വീനറുമായ ഇരുപത്തി ആറ് അംഗ ജനറല്‍ കമ്മറ്റിയും ഒന്‍പത് അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. മനോജ്കുമാര്‍ കെ, പി ഡി ദാസന്‍, ഗംഗാധരന്‍ എം പി, ദിവാകരന്‍ എം, സന്തോഷ്‌കുമാര്‍, വര്‍ഗീസ് സി പി, ദ്യുതി ബി എസ് തുടങ്ങിയവരാണ് മറ്റു കമ്മിറ്റി അംഗങ്ങള്‍. ജനറല്‍ കമ്മിറ്റിയില്‍ എല്ലാ പഞ്ചായത്തില്‍ നിന്നും ഓരോ കര്‍ഷകര്‍ അംഗങ്ങള്‍ ആയിരിക്കും അവര്‍ പഞ്ചായത്ത് തലത്തില്‍ പരിപാടി എകോപിപ്പിക്കും. ലെന്‍സ് വന്യജീവി നിരീക്ഷണ സംവിധാനം ചെയര്‍മാന്‍ ടി സി ജോസഫ്,ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് സെന്റര്‍ ഡയറക്ടര്‍ സി കെ വിഷ്ണുദാസ്,ലെന്‍സ് വന്യജീവി നിരീക്ഷണ സംവിധാനം എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ഗംഗാധരന്‍ എം പി,മനോജ്കുമാര്‍ കെ ,വര്‍ഗീസ് സി പി,ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് സെന്റര്‍റിസര്‍ച്ച് അസിസ്റ്റന്റ് ബാബു ജി കെ. എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു

 

Leave A Reply

Your email address will not be published.

error: Content is protected !!