ശുദ്ധജലത്തിനായുള്ള ഗോത്രകുടുംബങ്ങളുടെ കാത്തിരിപ്പ് തുടരുന്നു.ബത്തേരി കൈവട്ടമൂല പാത്തിവയല്‍ പണിയ കാട്ടുനായ്ക്ക കോളനി നിവാസികളാണ് പതിറ്റാണ്ടുകളായി ശുദ്ധജലത്തിനായി അധികൃതരുടെ കനിവ് കാത്തുകഴിയുന്നത്. നിലവില്‍ സമീപത്തെ നരസി പുഴകടന്ന് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ നിന്നാണ് ഇവര്‍ തലചുമടായി കുടിവെള്ളമെത്തിക്കുന്നത്.
ബത്തേരി നഗരസഭയിലെ കൈവട്ടമൂലയിലെ പാത്തിവയല്‍ പണിയ കാട്ടുനായ്ക്ക കോളനിയിലെ കുടുംബങ്ങളാണ് ശുദ്ധജലത്തിനായി ഇപ്പോഴും കാത്തിരിപ്പ് തുടരുന്നത്. വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഈ കോളനികളില്‍ എട്ട് കുടുംബങ്ങളാണ് ഉള്ളത്. ഇവര്‍ക്കായി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കോളനിയില്‍ ഒരു പൊതുകിണര്‍ നിര്‍മ്മിച്ചിരുന്നു. എന്നാല്‍ ചെമ്പുറവുകാരണം ഇതുവരെഇതിലെ വെള്ളം ഉപയോഗിക്കാന്‍ സാധിച്ചിട്ടില്ല. ഇതുകാരണം കുടിവെള്ളത്തിനായി ഇവര്‍ സമീപത്തെ നരസി മറികടന്ന് സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലെ കിണറ്റില്‍ നിന്നാണ് വെള്ളമെത്തിക്കുന്നത്. മഴക്കാലത്ത് പുഴയില്‍ വെള്ളംഉയരുന്നതോടെ ഇതും നിലയ്ക്കും. പിന്നീട് മഴവെള്ളം പിടിച്ചാണ് ഇവര്‍ ഭക്ഷണം പാകംചെയ്യാനടക്കം ഉപയോഗിക്കുന്നത്. തങ്ങളുടെ ഈ ദുരിതം അധികൃതരുടെ മുമ്പില്‍ പലതവണം ബോധിപ്പിച്ചിട്ടും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് കോളനിക്കാര്‍ ആരോപിക്കുന്നത്. ഗോത്രകുടുംബങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി കോടികള്‍ ചെലവിഴിക്കുമ്പോഴാണ് കുടിവെള്ളത്തിനായി കുടുംബങ്ങള്‍ നെട്ടോട്ടമോടുന്നത്.