പി.കെ.കാളന്‍ സ്മാരക എന്‍ഡോവ്‌മെന്റ് വിതരണവും പ്രഭാഷണവും
മാനന്തവാടി: തണല്‍ എഡ്യുക്കേഷന്‍ ഫൗണ്ടേഷന്റെ നാലാമത് പി.കെ.കാളന്‍ സ്മാരക എന്‍ഡോവ്‌മെന്റ് വിതരണവും പ്രഭാഷണവും ഡിസംബര്‍ 22 ന് മാനന്തവാടി ഗാന്ധിപാക്കില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡിഗ്രി പഠനം പൂര്‍ത്തിയാക്കി ബിരുദാന്തര ബിരുദ പഠനം നടത്തുന്ന അര്‍ഹരായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠന കാലാവധി പൂര്‍ത്തിയാക്കുന്നതുവരെയാണ് പി.കെ കാളന്‍ സ്മാരക പ്രതിമാസ എന്‍ഡോവ്‌മെന്റ് തണല്‍ എഡ്യുക്കേഷന്‍ ഫൗണ്ടേഷന്‍ നല്‍കി വരുന്നത്. തലശ്ശേരി പാലയാട് യൂണിവേഴ്സിറ്റി ക്യാംപസില്‍ ഒന്നാം വര്‍ഷ അപ്ലൈഡ് എക്കണോമിക്‌സ് വിദ്യാര്‍ത്ഥിനി അഞ്ചു എ.വി, മാനന്തവാടി ഗവണ്‍മെന്റ് കോളേജില്‍ ഒന്നാം വര്‍ഷ എം.കോം വിദ്യാര്‍ത്ഥിനി ആതിര. എം.ജി എന്നിവരാണ് ഇത്തവണത്തെ എന്‍ഡോവ്‌മെന്റിനു അര്‍ഹരായിരിക്കുന്നത്. മാനന്തവാടി ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ത്ഥിനി എബിനെ റോയിക്ക് പ്രസീത സത്യന്‍ പ്രതിമാസ വ്യക്തിഗത എന്‍ഡോവ്‌മെന്റും നല്‍കുന്നുണ്ട്. ബഹുമാനപ്പെട്ട മാനന്തവാടി എം.എല്‍.എ ഓ.ആര്‍.കേളു എന്‍ഡോവ്‌മെന്റുകള്‍ വിതരണം ചെയ്യും. അതോടൊപ്പം നാലാമത് പി.കെ കാളന്‍ സ്മാരക എന്‍ഡോവ്‌മെന്റ് പ്രഭാഷണം ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും എന്ന വിഷയത്തില്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും നിലവില്‍ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് എഡിറ്ററുമായ അഭിലാഷ് മോഹന്‍ നിര്‍വഹിക്കും. രണ്ടാമത് പി.കെ കാളന്‍ സ്മാരക സമഗ്ര സംഭാവന പുരസ്‌കാരം മാനന്തവാടി ബി.പി.ഒയും ദീര്‍ഘകാലം തേറ്റമല ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ അധ്യാപകനും ആയിരുന്ന സത്യന്‍ മാസ്റ്റര്‍ക്ക് സമര്‍പ്പിക്കും. സംസ്ഥാന പട്ടികവര്‍ഗ്ഗ വകുപ്പിന്റെ മാധ്യമ അവാര്‍ഡ് നേടിയ സരിത ചന്ദ്രന്‍, കെ ദേവകി എന്നിവരെ ചടങ്ങില്‍ വച്ച് ആദരിക്കും. ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് അധ്യക്ഷത വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ അബ്ദുള്‍ റഷീദ് കെ, അനൂപ് കുമാര്‍ കെ, രാജേഷ് മഠത്തില്‍, സജയന്‍ കെ.എസ്, അഡ്വക്കറ്റ് നിഖില്‍ ബേബി തുടങ്ങിയവര്‍ പങ്കെടുത്തു.