‘ജീവനക്കാരനെ മര്‍ദ്ദിച്ചു’; ബത്തേരിയില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കി

0

സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കി പ്രതിഷേധിച്ചു. കഴിഞ്ഞദിവസം മൂലങ്കാവില്‍ വച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ സ്വകാര്യ ബസ് ജീവനക്കാരനെ മര്‍ദ്ദിച്ചുവെന്നും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടുമാണ് പണിമുടക്ക് നടത്തിയത്. ഓട്ടോറിക്ഷകളുടെ പാരലല്‍ സര്‍വീസ് അവസാനിപ്പിക്കണമെന്നുമാവശ്യവും ഉന്നയിച്ചായിരുന്നു പ്രതിഷേധം.

കഴിഞ്ഞ ദിവസം വൈകിട്ട് മൂലങ്കാവില്‍ വച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ കൂട്ടംചേര്‍ന്ന് സ്വകാര്യ ബസ് ജീവനക്കാരനെ മര്‍ദ്ദിച്ചു എന്നാരോപിച്ചായിരുന്നു പണിമുടക്ക്. മര്‍ദ്ദനത്തിന് പുറമേ ജീവനക്കാരനെ കള്ളക്കേസില്‍ കുടുക്കാനും നീക്കം നടത്തുന്നതായും സ്വകാര്യബസ് ജീവനക്കാര്‍ ആരോപിക്കുന്നു. അടുത്തകാലത്തായി ബത്തേരി മേഖലയിലെ പലറൂട്ടുകളിലും ഓട്ടോറിക്ഷകള്‍ ബസുകള്‍ക്ക് മുന്നില്‍ പാരലല്‍ സര്‍വ്വീസ് നടത്തുകയാണെന്ന ആരോപണവുമുണ്ട്.  ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞരണ്ടാഴ്ചയായി ഇരുകൂട്ടരും വാക്കുതര്‍ക്കവും ചെറിയ സംഘര്‍ഷങ്ങളും ഉടലെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോളമാണ് കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷം.  ഇതിനെ തുടര്‍ന്നാണ് ഇന്ന് പണിമുടക്ക് നടത്തിയത്. 

സംഘര്‍ഷത്തില്‍ ബസ് ഡ്രൈവര്‍ ഉദിത്ത്, ഓട്ടോ ഡ്രൈവര്‍ മണി എന്നിവര്‍ക്ക് പരുക്കേല്‍ക്കുകയും ഇരുവരും ബത്തേരിയിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുകയും ചെയ്തു. ഓട്ടോറിക്ഷ തൊഴിലാളികളുടെ ഈ നടപടികള്‍ അവസാനിപ്പിക്കാന്‍ പോലിസ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നടപടിയെടുക്കണെമെന്നാന്ന്  ബസ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇരുകൂട്ടരും ബത്തേരി ടൗണില്‍ പ്രതിഷേധ പ്രകടനവും നടത്തി. 

സ്വകാര്യ ബസുകളുടെ അപ്രതീക്ഷിത പണിമുടക്കിനെ തുടര്‍ന്ന് യാത്രക്കാരും ഏറെ വലഞ്ഞു. ഇതേ തുടര്‍ന്ന് കെ എസ് ആര്‍ ടി സി കൂടുതല്‍ സര്‍വീസുകള്‍ നടത്തിയത് യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമായി. അതേസമയം ഇരു കൂട്ടരുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതായി പൊലിസ് അറിയിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!