പൊതുമരാമത്ത് റോഡുകളുടെയും മറ്റും നിര്‍മാണം കഴിഞ്ഞുള്ള അവശിഷ്ടങ്ങള്‍ നിര്‍മാണസ്ഥലത്തു നിന്നു നീക്കം ചെയ്യാത്ത കരാറുകാര്‍ ഇനി നിര്‍ബന്ധമായും പിഴ അടയ്‌ക്കേണ്ടി വരും. കരാര്‍ തുകയുടെ ഒരു ശതമാനമാണ് ഈടാക്കുക.
ഇതു കുറഞ്ഞത് ഒരു ലക്ഷം രൂപയും കൂടിയത് 5 ലക്ഷം രൂപയുമായിരിക്കും. ഈ വ്യവസ്ഥ അടിസ്ഥാന കരാര്‍ രേഖയില്‍ (സ്റ്റാന്‍ഡേഡ് ബിഡിങ് ഡോക്യുമെന്റ് എസ്ബിഡി) ഉള്‍പ്പെടുത്താന്‍ പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കി.
ഈ വ്യവസ്ഥ നിലവില്‍ എല്ലാ കരാര്‍ രേഖകളിലും ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍, അടിസ്ഥാന കരാര്‍ രേഖയ്ക്ക് അനുബന്ധമായുള്ള രേഖകളിലാണ് ഈ വ്യവസ്ഥ പലപ്പോഴും ഉള്‍പ്പെടുത്തുന്നത്. എല്ലാ കരാര്‍ രേഖകളും പ്രധാനമാണെങ്കിലും പല കരാറുകാരും നിര്‍മാണ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാത്തതിനു കാരണമായി ആ വ്യവസ്ഥ ‘എസ്ബിഡി’യില്‍ ഇല്ലെന്നു പറഞ്ഞ് ഒഴിയുകയാണ് പതിവ്. ഇതൊഴിവാക്കാനാണ് അടിസ്ഥാന കരാര്‍ രേഖയില്‍ത്തന്നെ ഈ പ്രധാന നിര്‍ദേശം കൂടി ഉള്‍പ്പെടുത്താന്‍ പൊതുമരാമത്ത് വകുപ്പ് നിര്‍ദേശം നല്‍കിയത്. കരാര്‍ രേഖകളില്‍ കരാറുകാരന്റെ സാമ്പത്തിക ചുമതലകളും ബാധ്യതകളും സംബന്ധിച്ചു വ്യക്തമായി രേഖപ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തു പല റോഡുകളുടെയും നിര്‍മാണം കഴിയുമ്പോള്‍ നിര്‍മാണ സാമഗ്രികളുടെ അവശിഷ്ടങ്ങള്‍ റോഡരികില്‍ കൂട്ടിയിട്ടിട്ടു കരാറുകാര്‍ പോകുന്നതു പതിവായതോടെയാണ് ചീഫ് എന്‍ജിനീയര്‍മാരുടെ കമ്മിറ്റി ഇതു ചര്‍ച്ച ചെയ്തു സര്‍ക്കാരിനു ശുപാര്‍ശ ചെയ്തത്.