മണ്ണിലെ കാര്‍ബണ്‍ നഷ്ടപ്പെടുത്താതെ മണ്ണ് സംരക്ഷണത്തിന് പ്രത്യേക പരിഗണന നല്‍കുന്ന ഇടവിളകൃഷികളുമായി മീനങ്ങാടി ഗ്രാമപഞ്ചായത്ത് . കൊയ്ത്ത് കഴിഞ്ഞ നെല്‍പ്പാടങ്ങളില്‍ മണ്ണിനെ പോഷക സമൃദ്ധവും കാര്‍ബണ്‍ സമ്പുഷ്ടവുമാക്കി നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന പയറു വര്‍ഗ്ഗങ്ങളും ചോളവും ഇടവിളയായി കൃഷിയിറക്കിയാണ് കൃഷിഭവനുമായി ചേര്‍ന്ന് പദ്ധതി നടപ്പിലാക്കുന്നത്.
അതിവര്‍ഷവും, ഉയര്‍ന്ന താപനിലയും മണ്ണിലെ കാര്‍ബണ്‍ നിലനിര്‍ത്തുന്നതിന് വെല്ലുവിളി ഉയര്‍ത്തുമ്പോഴാണ്
ഏറെ പ്രാധാന്യത്തോടെ കാര്‍ബണ്‍ തുലിതമായി മണ്ണിനെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ ഗ്രാമ പഞ്ചായത്തും കൃഷിഭവനും ആവിശ്കരിച്ച് നടപ്പിലാക്കുന്നത്. മരങ്ങള്‍ നട്ട് പിടിപ്പിക്കുന്നതോടൊപ്പം കാര്‍ബണ്‍ തുലിത കൃഷിരീതികളും കാലാവസ്ഥ വ്യതിയാനത്തെ അനുകൂലമാക്കുന്നതില്‍ ഏറെ പങ്കു വഹിക്കുന്നുണ്ട്. മണ്ണിലെ കാര്‍ബണ്‍ നഷ്ടപ്പെടുത്താതെ കൂടുതല്‍ കാര്‍ബണ്‍ ശേഖരിച്ചു വെക്കാന്‍ പരുവപ്പെടുത്തുന്ന പയര്‍ ,ചോളം തുടങ്ങിയ കൃഷി രീതികള്‍ കര്‍ഷകര്‍ക്കും മണ്ണിനും പ്രകൃതിക്കും ഏറെ ഗുണം ചെയ്യുമെന്നതിനാല്‍ നഞ്ചകൃഷിക്ക് ശേഷം ഇരുപ്പൂ കൃഷിയിറക്കാന്‍ സൗകര്യമില്ലാത്ത പാടങ്ങളിലാണ് ഇടവിളയായി ഇത്തരം കൃഷികള്‍ ഇറക്കുന്നത്. പഞ്ചായത്ത് പരിധിയിലെ 176, ഹെക്ടര്‍ പാടങ്ങളിലായ് 3575 കിലോഗ്രാം പയറ്, ചോളം വിത്തുകള്‍ സൌജന്യമായി വിതരണം ചെയ്താണ് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷിക്കായ് വയലൊരുക്കുന്നത്. മീനങ്ങാടി ഒലിവയല്‍ മാട്യമ്പം നെല്ലുല്‍പാദക പാടശേഖര സമിതിക്ക് വിത്ത് കൈമാറി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെഇ വിനയന്‍ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നിര്‍വ്വഹിച്ചു
പയര്‍ വിത്തുകള്‍ പഞ്ചായത്തില്‍ നിന്നും സൗജന്യമായാണ് കര്‍ഷകര്‍ക്ക് എത്തിച്ച് നല്‍കുന്നത്. പയര്‍വര്‍ഗ്ഗങ്ങള്‍ വിളവെടുത്ത് കര്‍ഷകര്‍ക്ക് വരുമാന വര്‍ദ്ധനവുണ്ടാക്കുന്നതിനോടൊപ്പം അടുത്ത നെല്‍കൃഷിക്കായി നിലമൊരുക്കുമ്പോള്‍ മണ്ണിന്റെ ഫലപുഷ്ടി വര്‍ദ്ധിപ്പിക്കുന്ന മൂലകങ്ങള്‍ ധാരാളമായി മണ്ണിനെ സമ്പുഷ്ടീകരിക്കുമെന്നതും പദ്ധതിയുടെ പ്രധാന നേട്ടമാണ്. അന്തരീക്ഷത്തിലെ നൈട്രജന്‍ മൂലകങ്ങളെ മണ്ണിലെത്തിക്കുന്നതിന് ഏറ്റവും ഫലപ്രദമാണ് പയര്‍ കൃഷി. ഇതിലൂടെ വീണ്ടും കൃഷിയിറക്കുമ്പോള്‍ വളപ്രയോഗം ഒഴിവാക്കാനാകും. തരിശായി കിടക്കുന്ന പാടത്ത് വെയിലേല്‍ക്കുമ്പോള്‍ മണ്ണിലെ ജലാംശവും ജൈവീക കാര്‍ബണും ജൈവ മൂലകങ്ങളും നഷ്ടമാകുന്ന സാഹചര്യം ഇടവിളകൃഷിയിലൂടെ പരിഹരിക്കാനാകുമെന്നതിനാല്‍ പദ്ധതിയെ കര്‍ഷകരും ഏറ്റെടുത്തിരിക്കുകയാണ്.