പണിമുടക്കി പ്രതിഷേധത്തിനൊരുങ്ങി വനംവകുപ്പിലെ താല്‍ക്കാലിക വാച്ചര്‍മാര്‍

0

കുപ്പാടി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ വാച്ചര്‍മാരാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പണിമുടക്കിന് തയ്യാറെടുക്കുന്നത്. മാസത്തില്‍ 25 ദിവസത്തെ വേതനമെങ്കിലും നല്‍കുക, ജീവന് സുരക്ഷിതത്വം ഉറപ്പുവരുത്തുക, നാട്ടിലിറങ്ങുന്ന കാട്ടാനകളെ ഓടിക്കാന്‍ ആവശ്യമായ ഉപകരണങ്ങള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. ജീവന്‍ പണയം വെച്ച് 30 ദിവസവും കാട്ടാനകളെ തുരത്തുന്ന ഇവര്‍ക്ക് 15 മുതല്‍ 17 ദിവസം വരെയുള്ള വേതനംമാത്രമാണ് നല്‍കുന്നത്.കുറിച്യാട് റെയിഞ്ചിലെ കുപ്പാടി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്ള 12 താല്‍ക്കാലിക വാച്ചര്‍മാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പത്ത് മുതല്‍ 15 വര്‍ഷം വരെ ജോലിചെയ്യുന്ന തങ്ങള്‍ക്ക് മതിയായ ശമ്പളമോ, ജീവിത സുരക്ഷിത്വത്തമോ നല്‍കാത്ത സാഹചര്യത്തിലാണ് ഇവര്‍ ഗതിക്കെട്ട് സമരത്തിനൊരുങ്ങുന്നത്. 30 ദിവസം രാപ്പകല്‍ ജോലിചെയ്യുന്ന ഇവര്‍ക്ക് വനംവകുപ്പ് നല്‍കുന്നത് 15 മുതല്‍ 17 ദിവസംവരെയുള്ള വേതനം മാത്രമാണ്. അതായത് പ്രതിമാസം പതിനാലായിരത്തോളം രൂപമാത്രം. നാട്ടിലിറങ്ങുന്ന ആനയെ ഓടിക്കാന്‍ നില്‍ക്കുന്നവര്‍ക്കാണ് ഇത്രയും കുറഞ്ഞ വേതനം നല്‍കുന്നത്. അതേസമയം ആനപന്തിയിലും, കടുവ സംരക്ഷണവുമായി നില്‍ക്കുന്ന വാച്ചര്‍മാര്‍ക്ക് ഇരുപതിനായിരത്തിനുമുകളില്‍ ശമ്പളം നല്‍കുന്നതായും ഇവര്‍ പറയുന്നു. അപകടസാധ്യത ഏറെയുളള ജോലിചെയ്യുന്ന തങ്ങള്‍ക്ക് ആനയെ തുരത്തുന്നതിന് ആവശ്യമായി ഉപകരണങ്ങള്‍ ഒന്നും തന്നെ നല്‍കുന്നില്ല. ആകെ നല്‍കുന്നത് പടക്കം മാത്രമാണ്. പലര്‍ക്കും ഇതിനോടകം പടക്കം പൊട്ടി അപകടവും സംഭവിച്ചിട്ടുണ്ട്. അപകട ഇന്‍ഷൂറന്‍സും ഇവര്‍ക്ക് ഇല്ല. കൂടാതെ രാത്രികാലങ്ങളില്‍ ആനയെ ഓടിക്കാനുള്ള ടോര്‍ച്ച് പോലും സ്വന്തം പോക്കറ്റില്‍ നിന്നും പണംമുടക്കിയാണ് ഇവര്‍ വാങ്ങുന്നത്. ഇത്തരത്തില്‍ കടത്ത മനുഷ്യാവകാശ ലംഘനാണ് താല്‍ക്കാലിക വാച്ചര്‍മാര്‍ നേരിടുന്നത്. ഈ സാഹചര്യത്തിലാണ് ഗതികെട്ട് ഇവര്‍ പ്രത്യക്ഷസമരത്തിന് ഇറങ്ങുന്നത്. ഈ ആവശ്യമുന്നയിച്ച് എംഎല്‍എയ്ക്ക് ഇവര്‍ നിവേദനവും നല്‍കിയിട്ടുണ്ട്. നടപടികള്‍ ഉണ്ടായില്ലങ്കില്‍ ഉടന്‍ പണിമുടക്കി പ്രതിഷേധിക്കാനാണ് ഇവരുടെ തീരുമാനം.

Leave A Reply

Your email address will not be published.

error: Content is protected !!