ഇന്ന് മകരവിളക്ക്;ദീപാരാധനയ്ക്ക് ശേഷം മകരജ്യോതി
മകരവിളക്ക് ദര്‍ശനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കണ്ണും നട്ട് കാത്തിരിക്കുകയാണ് ഭക്തര്‍. ശബരിമല സന്നിധാനവും പരിസരവും മാത്രമല്ല മകരജ്യോതി ദൃശ്യമാകുന്ന എല്ലായിടത്തും അയ്യപ്പ ഭക്തര്‍ നിറഞ്ഞു. വൈകിട്ട് 6.30ന് ദീപാരാധനയ്ക്കുശേഷം മകരവിളക്കുംകണ്ട് തീര്‍ഥാടകര്‍ മലയിറങ്ങും.
സംക്രമ സന്ധ്യയില്‍ അയ്യപ്പനു ചാര്‍ത്താനുള്ള തിരുവാഭരണവുമായുള്ള ഘോഷയാത്ര ഇന്നു വൈകിട്ട് 6.20ന് ശേഷം സന്നിധാനത്തെത്തും. തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്നു ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങും. തിരുവാഭരണങ്ങള്‍ അണിയിച്ചുള്ള ദീപാരാധനയ്ക്ക് ശേഷം 6.30നും 6.50നും മധ്യേ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. ദീപാരാധനയ്ക്കും മകരവിളക്കിനുംശേഷം രാത്രി 8.45ന് മകരസംക്രമ പൂജ നടക്കും. നെയ്യഭിഷേകവും തിരുവാഭരണങ്ങള്‍ അണിഞ്ഞുള്ള വിഗ്രഹ ദര്‍ശനവുമുണ്ടാകും.
തിരുവാഭരണ വിഭൂഷിതനായ അയ്യപ്പ സ്വാമിയെ തൊഴാനും ജ്യോതി ദര്‍ശിച്ച് സായൂജ്യം നേടാനുമായി സന്നിധാനത്തും പരിസരത്തും മാത്രം ഒരു ലക്ഷത്തിലധികം ഭക്തര്‍ തമ്പടിച്ചിട്ടുണ്ട്. പത്തിലധികം കേന്ദ്രങ്ങളില്‍ നിന്ന് മകരവിളക്ക് കാണാന്‍ സൗകര്യമുണ്ട്. സുരക്ഷക്ക് 2000 പൊലീസുകാരെയാണ് പമ്പ മുതല്‍ സന്നിധാനം വരെ വിന്യസിച്ചിരിക്കുന്നത്. തിരുവഭരണ ഘോഷയാത്ര വരുന്നതിനാല്‍ ഉച്ചക്ക് 12 മണിക്ക് ശേഷം പമ്പയില്‍ നിന്ന് തീര്‍ത്ഥാടകരെ കടത്തിവിടില്ല. തീര്‍ഥാടകര്‍ക്ക് 19 വരെയാണ് ദര്‍ശനം. തീര്‍ഥാടനത്തിനു സമാപനം കുറിച്ച് 20ന് രാവിലെ 6.30ന് ക്ഷേത്രനട അടയ്ക്കും