സെപ്റ്റംബര്‍ 30 ന് അവസാനിച്ച രണ്ടാം പാദത്തില്‍ വയനാട് ജില്ലയിലെ വിവിധ ബാങ്കുകള്‍ 4161 കോടി രൂപ വായ്പ നല്‍കിയതായി ജില്ലാ കളക്ടര്‍ എ. ഗീതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി. വാര്‍ഷിക പ്ലാനിന്റെ 76 ശതമാനം വായ്പയാണ് ഇതിനകം വിതരണം ചെയ്തത്. ഇതില്‍ 2928 കോടി രൂപ കാര്‍ഷിക മേഖലയ്ക്കും 662 കോടി രൂപ സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ക്കും 473 കോടി രൂപ ഭവന-വിദ്യാഭ്യാസ വായ്പ ഉള്‍പ്പെടുന്ന മറ്റു മുന്‍ഗണന മേഖലയ്ക്കും വിതരണം ചെയ്തു. ആകെ വിതരണം ചെയ്ത വായ്പയില്‍ 4063 കോടി രൂപ മുന്‍ഗണന മേഖലയ്ക്കാണ് വിതരണം ചെയ്തിട്ടുള്ളതതെന്ന് ലീഡ് ബാങ്കായ കനറാ ബാങ്കിന്റെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സത്യപാല്‍ വി. സി.അറിയിച്ചു. രണ്ടാം പാദത്തില്‍ ബാങ്കുകളുടെ ആകെ വായ്പ നീക്കിയിരുപ്പ് 9092 കോടിയായി വര്‍ധിച്ചു. നിക്ഷേപം 6940 കോടിയാണ്.
ആസ്പിേരഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമില്‍ ജില്ലയുടെ മികവ് നിലനിര്‍ത്താന്‍ ബാങ്കുകളുടെ സഹകരണം ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. സാമൂഹ്യ സുരക്ഷാ പദ്ധതികളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും ഇത്തരം പദ്ധതികളില്‍ അവരെ അംഗമാക്കുന്നതിനുമായി ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന സുരക്ഷ – 2023 പദ്ധതിയുടെ ഉദ്ഘാടനം ഗുണഭോക്താവിന് പോളിസി നല്‍കി കളക്ടര്‍ നിര്‍വഹിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും മേല്‍നോട്ടത്തില്‍, നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന ഈ പദ്ധതിയുടെ ലക്ഷ്യം ജില്ലയിലെ യോഗ്യരായ മുഴുവന്‍ ആളുകളെയും സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ ചേര്‍ക്കുകയാണ്.
ജില്ലയുടെ 2023-24 സാമ്പത്തിക വര്‍ഷത്തിലേക്ക് നബാര്‍ഡ് തയ്യാറാക്കിയ വായ്പ സാധ്യത പഠന റിപ്പോര്‍ട്ട് പ്രകാശനം കളക്ടര്‍ നിര്‍വഹിച്ചു. 7610 കോടി രൂപയുടെ വായ്പാ സാധ്യതയാണ് നബാര്‍ഡ് മുന്നോട്ടുവയ്ക്കുന്നത്. സാമൂഹ്യസുരക്ഷാ പദ്ധതികളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ബാങ്കുകള്‍ക്ക് അവാര്‍ഡ് നല്‍കി. വയനാട് ലീഡ് ഡിസ്ട്രിക്ട് ഓഫീസറും റിസര്‍വ് ബാങ്ക് മാനേജറുമായ ഇ കെ രഞ്ജിത്ത്, നബാര്‍ഡ് ജില്ലാ ഡെവലപ്പ്‌മെന്റ് മാനേജര്‍ ജിഷ വി എന്നിവര്‍ വായ്പ അവലോകനത്തിന് നേതൃത്വം നല്‍കി.ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ ബിബിന്‍ മോഹന്‍ കണ്‍വീനറായി സംഘടിപ്പിച്ച അവലോകന യോഗത്തില്‍ ജില്ലയിലെ മുഴുവന്‍ ബാങ്കുകളും വിവിധ സര്‍ക്കാര്‍ വകുപ്പ് മേധാവികളും പങ്കെടുത്തു.