കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി മന്ത്രി

0

കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു. പൊതുജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുകയോ ബസ് സര്‍വ്വീസ് നടത്തുകയോ ചെയ്യുന്നില്ല. സര്‍വ്വീസുകള്‍ പോലും തന്റെയോ തന്റെ കുടുംബാഗംങ്ങളുടെയോ സ്വാര്‍ത്ഥ താല്പര്യത്തിനുസരിച്ച് ക്രമീകരിക്കുന്ന ഉദ്യോഗസ്ഥരും ഗതാഗത വകുപ്പിലുണ്ടെന്നും മന്ത്രി. മാനന്തവാടിയില്‍ ഗ്രാമവണ്ടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമവണ്ടി പൊതുഗതാഗതം ജനകീയമാക്കുന്ന പദ്ധതിയെന്നും മന്ത്രി അഡ്വ. ആന്റണി രാജു.ജനങ്ങളുടെ ആവശ്യമനുസരിച്ച് ജനങ്ങള്‍ക്ക് വേണ്ടി നടപ്പിലാക്കിയ പദ്ധതിയാണ് ഗ്രാമവണ്ടിയെന്നും വരും കാലങ്ങളില്‍ കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഗ്രാമവണ്ടി പദ്ധതി യാഥാര്‍ത്യമാക്കാന്‍ ശ്രമിക്കണമെന്നും ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു.കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തുമായ് സഹകരിച്ച് നടത്തുന്ന ‘ഗ്രാമവണ്ടി പദ്ധതിയുടെ ഉദ്ഘാടനം മാനന്തവാടിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ഗവണ്‍മെന്റിന്റെ പുരസ്‌ക്കാരം നേടിയ പദ്ധതിയായ ഗ്രാമവണ്ടി ഇന്ത്യക്ക് തന്നെ മാതൃകയാണ്. ജില്ലയിലെ നിര്‍ത്തിവെച്ച സര്‍വീസുകള്‍ ശബരിമല സീസണിന് ശേഷം പുനരാരംഭിക്കും. മാനന്തവാടിയില്‍ നിന്നും തലശ്ശേരി കാന്‍സര്‍ സെന്ററിലേക്കുള്ള സര്‍വീസ് പരിഗണനയിലാണ്. ജനങ്ങള്‍ ആവശ്യമറിയിച്ചാല്‍ 30 ദിവസത്തിനുള്ളില്‍ ഗ്രാമവണ്ടിയുടെ സര്‍വീസ് നടത്താന്‍ കെ.എസ്.ആര്‍.ടി.സി ബാധ്യസ്തരാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ മുഖ്യാതിഥിയായി. മാനന്തവാടി ഡിപ്പോയിലെ ജീവനക്കാര്‍ക്കിടയില്‍ നടത്തിയ ലോകകപ്പ് പ്രവചന മത്സരത്തില്‍ വിജയിയായ എം.സി സദാനന്ദനെ ചടങ്ങില്‍ വെച്ച് മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു.
ബസ്സിന്റെ ഡീസല്‍ ചിലവ് മാത്രം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിച്ച് അവര്‍ നിശ്ചയിക്കുന്ന റൂട്ടുകളും സമയക്രമവും അനുസരിച്ച് കെ.എസ്. ആര്‍.ടി.സി ബസ് സര്‍വീസ് നടത്തുന്ന പദ്ധതിയാണ് ഗ്രാമവണ്ടി. നിലവില്‍ ഗ്രാമവണ്ടി പദ്ധതി നടപ്പിലാക്കുന്ന ഒന്‍പതാമത്തെ ജില്ലയാണ് വയനാട്. പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ രണ്ടാമത്തെ ബ്ലോക്ക് പഞ്ചായത്താണ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്. ജില്ലയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലാണ് ആദ്യമായി ഗ്രാമവണ്ടി പദ്ധതി യാഥാര്‍ത്യമാകുന്നത് .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി, ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ്, എടവക പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി പ്രദീപ് മാസ്റ്റര്‍, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എല്‍സി ജോയ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ ജയഭാരതി, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ കെ. വിജയന്‍, മീനാക്ഷി രാമന്‍, കെ.എസ്. ആര്‍.ടി.സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷറഫ് മുഹമ്മദ്, കെ.എസ്.ആര്‍.ടി.സി ഡി.ടി.ഒ ജോഷി ജോണ്‍, ഗ്രാമവണ്ടി ഡി.ടി.ഒ വി .എം താജുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികള്‍, ബ്ലോക്ക് മെമ്പര്‍മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!