അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം നടത്തിവരുന്ന അന്തര്‍ദേശീയ പുഷ്പ്പമേളയോടാനുബന്ധിച്ച് ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഒരുക്കിയ മെഡിക്കല്‍ എക്‌സിബിഷന്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നു.എക്‌സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീര്‍ ഉദ്ഘാടനം നിര്‍വഹിച്ച പവലിയന്‍ ഇതിനോടകം ഒട്ടനവധി ആളുകള്‍ സന്ദര്‍ശിച്ചു കഴിഞ്ഞു.അനാട്ടമി,പതോളജി വിഭാഗങ്ങളുടെ സഹകരണത്തോടെ മനുഷ്യ ശരീരത്തിലെ ഒട്ടുമിക്ക ഭാഗങ്ങളും അസുഖ ബാധിച്ച അവയവങ്ങളും പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്.
ഹൃദയം,വൃക്കകള്‍,ശ്വാസകോശം,ശ്വസന നാളം,കൈപ്പത്തി,കാല്‍മുട്ടുകള്‍,ഹൃദയത്തിന്റെ ഉള്‍വശം, കരളും പിത്തസഞ്ചിയും,അന്നനാളം,ആമാശയം,പ്ലീഹ,ചെറുകുടല്‍,വന്‍കുടല്‍,ഇടുപ്പിന്റെ നെടുകെയുള്ള ഛേദം,തലച്ചോറ്,സുഷുമ്ന,തലയോട്ടിയും താടിയെല്ലും, ചെവിക്കുള്ളിലെ അസ്ഥികള്‍, തുടയെല്ല്, കാല്‍മുട്ടിലെ ചിരട്ടകള്‍, അസ്ഥികൂടങ്ങള്‍ തുടങ്ങി വിജ്ഞാനപ്രദവും അതിലുപരി ആശ്ചര്യമുളവാക്കുന്നതുമായ പ്രദര്‍ശനം കുട്ടികള്‍ക്കെന്നപോലെ മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമാണ്. അടിയന്തിര ഘട്ടങ്ങളില്‍ വൈദ്യ സഹായം നല്‍കുന്നതിനായി ഡോക്ടര്‍മാരും നേഴ്സുമാരുമടങ്ങുന്ന ആബുലന്‍സ് അടക്കമുള്ള മെഡിക്കല്‍ സംഘത്തെ പൂപ്പൊലി നഗരിയില്‍ സജ്ജമാക്കിയിട്ടുണ്ട്.നേരത്തെ വനം വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ മെഡിക്കല്‍ പവലിയന്‍ സന്ദര്‍ശിച്ചിരുന്നു.ഡീന്‍ ഡോ. ഗോപകുമാരന്‍ കര്‍ത്ത, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സൂപ്പി കല്ലങ്കോടന്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഡോ. ഷാനവാസ് പള്ളിയാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കുന്ന സൗജന്യ പ്രദര്‍ശനം രാത്രി 10 വരെ തുടരും.