സ്റ്റേജ് മത്സരങ്ങള്‍ക്ക് നാളെ തിരശീല ഉയരും
കണിയാരത്ത് കലയുടെ പൊടിപൂരം 41-ാമത് ജില്ലാ റവന്യു സ്‌കൂള്‍ കലോത്സവത്തിലെ സ്റ്റേജ് മത്സരങ്ങള്‍ക്ക് നാളെ തിരശീല ഉയരും. ഇനിയുള്ള മൂന്ന് ദിനരാത്രങ്ങള്‍ കണിയാരത്തെ ഉത്സവ ലഹരിയാക്കി കൗമാര കലകളുടെ കേളികൊട്ടുയരും. കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങള്‍ ഇന്നവസാനിച്ചു.നാളെ കണിയാരം കലോത്സവ നഗറില്‍ കലയുടെ നൂപുര ധ്വനികളായിരിക്കും.
വേദികളില്‍ ചിലങ്കയണിഞ്ഞ മത്സരാര്‍ത്ഥികള്‍ നിറഞ്ഞാടും. നാളെ ഏഴ് വേദികളിലായി ഭരതനാട്യം, ഒപ്പന, കുച്ചുപ്പുടി, മാപ്പിളപ്പാട്ട് തുടങ്ങിയ നിരവധി മത്സരങ്ങള്‍ വേദിയില്‍ അരങ്ങ് തകര്‍ക്കും. 8-ാം തീയ്യതി തിരുവാതിര, മാര്‍ഗ്ഗം കളി, സംഘനൃത്തം, പരിചമുട്ട്, പൂരകളി, യക്ഷഗാനം, ചവിട്ട് നാടകം, നാടോടി നൃത്തം, കോല്‍ക്കളി, അറബനമുട്ട്, ദഫ്മുട്ട് തുടങ്ങി നിരവധി മത്സരങ്ങളും നടക്കും. സമാപന ദിവസമായ ഡിസംബര്‍ 9 ന് മോഹിനിയാട്ടം, കേരള നടനം, വഞ്ചിപ്പാട്ട്, തുടങ്ങി നിരവധി മത്സരങ്ങളും വേദിയില്‍ അരങ്ങ് തകര്‍ക്കും.കലോത്സവത്തോടനുബന്ധിച്ച് പോലീസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യം, എക്‌സൈസ് വകുപ്പുകളുടെ ഏകോപനവും ഒരുക്കിയിട്ടുണ്ട്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന കൗമാരകലാമാമാങ്കത്തെ നെഞ്ചിലേറ്റാന്‍ തന്നെയാണ് മാനന്തവാടിക്കാരുടെയും വിശിഷ്യ കണിയാരത്തുകാരുടെയും തീരുമാനം