ശുചിത്വ, ജലസംരക്ഷണ മേഖലയില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തണം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

0

മലയാളികളുടെ വ്യക്തിശുചിത്വബോധം പരിസര ശുചിത്വ ശീലങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കേണ്ടതുണ്ടെന്നു തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഹരിതകേരളം മിഷന്‍ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി പഞ്ചാരക്കൊല്ലിയില്‍ സംഘടിപ്പിച്ച ഏകദിന തോട് ശുചീകരണ പ്രവൃത്തിയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വായുവിനെയും ജലത്തെയും ചുറ്റുപാടുകളെയും മലിനമാക്കുന്നതില്‍ നാം അറിഞ്ഞോ അറിയാതെയോ ഭാഗങ്ങളാവുന്നു. ലോകത്ത് എട്ടില്‍ ഒരാള്‍ മരിക്കുന്നത് വായു മലിനീകരണം മൂലമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. മാലിന്യങ്ങള്‍ വലിച്ചെറിയുന്ന കുപ്പത്തൊട്ടികളായി ജലസ്രോതസ്സുകള്‍ മാറുന്നു. ഈ സാഹചര്യങ്ങള്‍ക്ക് അറുതിവരുത്താന്‍ വാര്‍ഡ്തോറും ശുചിത്വ ജാഗ്രതാ സമിതികള്‍ രൂപീകരിക്കണം. ഇവരുടെ നേതൃത്വത്തില്‍ ജനപങ്കാളിത്ത മാലിന്യപരിപാലന സംവിധാനം നടപ്പിലാക്കണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ഒ.ആര്‍ കേളു എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ്, സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, വികസനകാര്യ ചെയര്‍മാന്‍ പി.ടി ബിജു, വാര്‍ഡ് കൗണ്‍സിലര്‍ കെ.വി ജുബൈര്‍, ഹരിതകേരളം മിഷന്‍ കോ-ഓഡിനേറ്റര്‍ ബി കെ സുധീര്‍ കിഷന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!