ആശങ്കപ്പെടേണ്ട സാഹചര്യമില്ല സമ്പുഷ്ടികരിച്ച അരി ആരോഗ്യദായകം

0

സമ്പുഷ്ടീകരിച്ച അരി ഉള്‍പ്പെടെയുളള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അനീമിയയും മൈക്രോ ന്യൂട്രിയന്റുകളുടെ കുറവും പരിഹരിക്കുന്നതിന് സഹായകരമാകുമെന്ന് പൊതു വിതരണ വകുപ്പ് സെമിനാര്‍ വിലയിരുത്തി. ജില്ലയില്‍ സമ്പുഷ്ടീകരിച്ച അരി വിതരണം സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിനായുള്ള സെമിനാറില്‍ ഭക്ഷ്യ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ വിഷയാവതരണവും ചര്‍ച്ചയും നടത്തി.

ഭക്ഷ്യ പദാര്‍ത്ഥങ്ങളിലെ വിറ്റാമിനുകളുടെയും ധാതുക്കളുടെയും അളവ് സാങ്കേതികവിദ്യയിലൂടെ വര്‍ദ്ധിപ്പിക്കുന്നതാണ് ഭക്ഷ്യ സമ്പുഷ്ടീകരണം. 100 കിലോ സാധാരണ ധാന്യത്തിലേക്ക് 1 കിലോ ഫോര്‍ട്ടിഫൈഡ് ചെയ്ത അരി കലര്‍ത്തിയാണ് അരി സമ്പുഷ്ടീകരണം നടത്തുന്നത്. ഭക്ഷണത്തിലെ പോഷക അളവ് ഉയര്‍ത്തി പൊതുജനാരോഗ്യം ശാക്തീകരിക്കുകയാണ് സമ്പുഷ്ടീകരിച്ച അരി വിതരണത്തിലൂടെ ലക്ഷ്യമിടുന്നത്. സമ്പുഷ്ടീകരിച്ച അരിയും പോഷക ആരോഗ്യ ഗുണങ്ങളും എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചകള്‍ ആശങ്കകള്‍ ദുരീകരിച്ചു.

മതിയായ അളവില്‍ സൂക്ഷ്മ മൂലകങ്ങള്‍ ലഭ്യമാകാത്തത് പൊതുജനാരോഗ്യത്തിന് പ്രധാന വെല്ലുവിളിയാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. അസുമ പറഞ്ഞു. നല്ലൊരു ശതമാനം സ്ത്രീകളും കൗമരക്കാരും വിളര്‍ച്ച പോലുള്ള പോഷകാഹാര കുറവുകൊണ്ടുള്ള വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നുണ്ട്. അയണ്‍, ഫോളിക് ആസിഡ്, വൈറ്റമിന്‍ ബി 12 തുടങ്ങിയ മൈക്രോ ന്യൂട്രിയന്റുകള്‍ അരിയില്‍ ചേര്‍ക്കുന്നത് പോഷക കുറവ് പരിഹരിക്കുന്നതിനുളള് ഫലപ്രദമായ രീതിയാണ്.

സിക്കിള്‍ സെല്‍ അനീമിയ, തലാസീമിയ രോഗികള്‍ക്ക് സമ്പുഷ്ടീകരിച്ച അരി ഉപയോഗിക്കുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് കുട്ടികളുടെ വിഭാഗം മേധാവി ഡോ.അജിത്കുമാര്‍ പറഞ്ഞു. ഇത്തരം ഭക്ഷ്യ വസ്തുക്കളുടെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കേണ്ട വിഭാഗത്തിലുളള രോഗികള്‍ ജില്ലയില്‍ വളരെ കുറവാണ്. മുപ്പത് ദിവസങ്ങളില്‍ താഴെ ദിവസങ്ങളില്‍ രക്തമാറ്റത്തിന് വിധേയരാകുന്നവര്‍ സമ്പുഷ്ടീകരിച്ച അരി ഉപയോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാം.

സിക്കിള്‍സെല്‍ അനീമിയ, തലാസീമിയ രോഗികള്‍ക്ക് സമ്പുഷ്ടീകരിച്ച അരിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദുരീകരിച്ചതിന് ശേഷം മാത്രമേ അരി വിതരണം ചെയ്യുളളുവെന്ന് സെമിനാറില്‍ പൊതു വിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ ഡോ. ഡി. സതീഷ് ബാബു പറഞ്ഞു. ആശങ്ക പരിഹരിക്കുന്നത് വരെ ഇവര്‍ക്കായി സാധാരണ അരി റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യും. 2021 ഒക്ടോബര്‍ മുതല്‍ വിദ്യാലങ്ങളിലും അങ്കണവാടികളിലും സമ്പുഷ്ടീകരിച്ച അരിയാണ് വിതരണം ചെയ്യുന്നത്. 2024 ഓടെ സംസ്ഥാനത്ത് മുഴുവന്‍ പൊതു വിതരണ കേന്ദ്രങ്ങള്‍ വഴിയും സമ്പുഷ്ടീകരിച്ച അരി വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കല്‍പ്പറ്റ ഓഷ്യന്‍ ഹാളില്‍ തിരഞ്ഞെടുത്ത പ്രതിനിധികള്‍ക്കായി നടന്ന ശില്‍പ്പശാല പൊതു വിതരണ ഉപഭോക്തൃകാര്യ സെക്രട്ടറി അലി അസ്ഗര്‍ പാഷ ഉദ്ഘാടനം ചെയ്തു. എ.ഡി.എം എന്‍.ഐ ഷാജു, സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം എം. വിജയലക്ഷ്മി, ജില്ലാ സപ്ലൈ ഓഫീസര്‍ പി.എ സജീവ്, സീനിയര്‍ സൂപ്രണ്ട് പി.ടി. ജെയിംസ് എന്നിവര്‍ സംസാരിച്ചു. ടെക്‌നിക്കല്‍ പ്രസന്റേഷനില്‍ ഡി.എഫ്.പി.ഡി ഡെപ്യൂട്ടി സെക്രട്ടറി എല്‍.പി. ശര്‍മ്മ, യു.എന്‍.ഡബ്ല്യു.എഫ്.പി ന്യൂട്രീഷ്യന്‍ ഹെഡ് ഷാരിഖ്വ യൂനസ് ഡോ നിഷ, ഡോ. ശ്രീലാല്‍ എന്നിവര്‍ പാനല്‍ ഡിസ്‌കഷണില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!