ഭക്ഷണ ശാലകള്‍ക്ക് ഇനി ഹൈജീന്‍ സര്‍ട്ടിഫിക്കറ്റ്
‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ ഭക്ഷണശാലകള്‍ക്ക് ഇനി ഹൈജീന്‍ സര്‍ട്ടിഫിക്കറ്റും. ഭക്ഷ്യസുരക്ഷാ വകുപ്പും ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റിയും(എഫ്എസ്എഐ) നടപ്പിലാക്കുന്ന ഹൈജീന്‍ സ്റ്റാര്‍ റേറ്റിംഗ് സര്‍ട്ടിഫിക്കറ്റ് ആദ്യഘട്ടത്തില്‍ ജില്ലയിലെ 12 ഹോട്ടലുകള്‍ക്ക് ലഭിച്ചു.ബാക്കിയുള്ളവ പരിശോധനയുടെ വിവിധ ഘട്ടങ്ങളിലാണ്. സംസ്ഥാനത്താകെ 673 സ്ഥാപനങ്ങളാണ് ഹൈജീന്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചത്.ഇതില്‍ 519 ഹോട്ടലുകള്‍ക്ക് ഹൈജീന്‍ സര്‍ട്ടിഫിക്കറ്റ് ഇതിനകം ലഭിച്ചു.
പദ്ധതിയുടെ ഭാഗമായി ഹോട്ടലുകള്‍, സ്വീറ്റ് ഷോപ്പുകള്‍ എന്നിവയ്ക്കാണ് സ്റ്റാര്‍ റേറ്റിംഗ് നല്‍കുന്നത്. മൂന്നു മുതല്‍ 5 സ്റ്റാര്‍ വരെയാണ് റേറ്റിങ്ങ് നല്‍കുക. പരിശോധനകള്‍ക്കും നടപടിക്രമങ്ങള്‍ക്കും ശേഷമായിരിക്കും അര്‍ഹതയുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുക. ഫൈവ് സ്റ്റാര്‍ റേറ്റിംഗിലുള്ള സ്ഥാപനങ്ങള്‍ ഗ്രീന്‍ കാറ്റഗറിയിലും ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങിലുള്ള സ്ഥാപനങ്ങള്‍ ബ്ലൂ കാറ്റഗറിയിലും ത്രീസ്റ്റാര്‍ റേറ്റില്‍ ഉള്ളവ യെല്ലോ കാറ്റഗറിയിലും ഉള്‍പ്പെടും. ത്രീസ്റ്റാറിന് താഴെയുള്ള സ്ഥാപനങ്ങള്‍ക്ക് റേറ്റിംഗ് നല്‍കില്ല.
സ്ഥാപനത്തില്‍ നിന്നും നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം, സ്ഥാപനത്തിലെ വൃത്തി തുടങ്ങി നാല്‍പ്പതോളം ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് റേറ്റിംഗ് നല്‍കുന്നത്. ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ച സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി പുതുതായി പുറത്തിറക്കുന്ന മൊബൈല്‍ ആപ്പ് വഴിയും റേറ്റിംഗ് ലഭിച്ച സ്ഥാപനങ്ങളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കും. പൊതുജനങ്ങള്‍ക്ക് തങ്ങളുടെ പ്രദേശത്തിന് അടുത്തുള്ള ഏറ്റവും വൃത്തിയുള്ള സ്ഥാപനങ്ങള്‍ ഏതെന്നും ഈ ആപ്പിലൂടെ കണ്ടെത്താന്‍ സാധിക്കും.
സ്ഥാപനങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്ന റേറ്റിങ്ങില്‍ നിന്നും ഉയര്‍ന്ന റേറ്റിംഗിലേക്ക് മാറാം. ഇതുവഴി സ്ഥാപനങ്ങള്‍ തമ്മില്‍ ആരോഗ്യപരമായ മത്സരങ്ങള്‍ ഉണ്ടാകാനും പൊതുജനങ്ങള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാനും സാധിക്കും. ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വലിയ സ്ഥാപനങ്ങളില്‍ വരെ റേറ്റിംഗിനായി പരിഗണിക്കും. സുരക്ഷിത ഭക്ഷണം വൃത്തിയുള്ള സാഹചര്യം എന്നിവയാണ് മുഖ്യമായും പരിഗണിക്കുന്ന ഘടകങ്ങള്‍.
രണ്ടു വര്‍ഷത്തേക്കാണ് ഹൈജീന്‍ റേറ്റിംഗ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. അതിനുശേഷം ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് റേറ്റിംഗ് നിലനിര്‍ത്താം. റേറ്റിംഗ് ലഭിച്ച സ്ഥാപനങ്ങള്‍ സര്‍ട്ടിഫിക്കറ്റ് ഭക്ഷ്യസുരക്ഷാ ടോള്‍ ഫ്രീ നമ്പര്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കണം. ഈ സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് നിരന്തരം നിരീക്ഷിക്കും.
കെട്ടിടങ്ങള്‍ ക്രമവത്കരിക്കാം
തരിയോട് ഗ്രാമ പഞ്ചായത്ത് പരിധിയില്‍ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പാലിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടങ്ങള്‍
നിയമവിധേയമായി ക്രമവല്‍ക്കരിക്കുന്നതിന് ആഗസ്റ്റ് 20 വരെ അപേക്ഷിക്കാം. ഇതിന് ശേഷം മതിയായ രേഖകളില്ലാത്ത കെട്ടിട ഉടമകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് തരിയോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.