ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രക്രിയ-
റിസോഴ്സ് പേഴ്സണ്‍മാര്‍ക്ക് പരിശീലനം നല്‍കി

അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രക്രിയയുടെ ഭാഗമായി നാല് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്യം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുളള സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ വിജയകരമായി നടത്തുന്നതിനായി ജില്ലാതല റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് പരിശീലനം നല്‍കി. തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.ജയരാജന്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രൊജക്റ്റ് ഡയറക്ടര്‍ പി.സി.മജീദ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ വാസു പ്രദീപ്, കില റിസോഴ്സ് പേഴ്സണ്‍മാരായ ഷാനിബ്, ജുബൈര്‍ എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.
വയനാട് ജില്ലയില്‍ 2931 പേരെയാണ് അതിദരിദ്രരായി കണ്ടെത്തിയിട്ടുള്ളത്. ഇവര്‍ക്കുളള മൈക്രോ പ്ലാന്‍ റിസോഴ്സ് പേഴ്സണ്‍മാരുടെ സഹായത്തോടെ തയ്യാറാക്കി തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന്റെ ഭാഗമായി ഗുണഭോക്താക്കള്‍ക്ക് ആവശ്യമായി സേവനങ്ങളും സൗകര്യങ്ങളും ആനുകൂല്യങ്ങളും നല്‍കുന്നതോടൊപ്പം ഓരോ കുടുംബത്തിന്റെയും മൈക്രോ പ്ലാന്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങളും തദ്ദേശ സ്ഥാപനതലത്തില്‍ നടക്കും.

ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ പരിശീലനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റിന്റെ നേതൃത്വത്തില്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ് വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതരായ യുവതി യുവാക്കള്‍ക്ക് ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചറില്‍ 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ വിഷയത്തില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന എസ്.സി വിഭാഗത്തില്‍പ്പെട്ടതും 45 വയസ്സിന് താഴെ പ്രായമുളളവരുമായ 25 പേര്‍ക്കാണ് സ്റ്റൈപെന്റോട് കൂടിയുളള പരിശീലനം നല്‍കുക. ആഗസ്റ്റ് 9 മുതല്‍ ആഗസ്റ്റ് 29 വരെ കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. താത്പര്യമുള്ളവര്‍ www.kied.info എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി ആഗസ്റ്റ് 2 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0484 2532890, 9605542061

ഡിഗ്രി: അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ മീനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കോളേജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നീ കോഴ്‌സുകളിലേക്ക് 2022-23 അധ്യായന വര്‍ഷത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂ.ജി ക്യാപ്പ് മുഖേനയല്ലാതെയുളള ഐ.എച്ച്.ആര്‍.ഡി ക്വാട്ടയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ www.ihrdadmissions.org എന്ന പോര്‍ട്ടല്‍ മുഖേനയോ കോളേജില്‍ നേരിട്ടോ അപേക്ഷിക്കാം. ഫോണ്‍: 9747680868, 8547005077

അക്ഷയ – പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി പൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആദ്യ പത്ത് റാങ്കില്‍ ഉള്‍പ്പെട്ട വ്യക്തികളെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിട്ടുളളത്. തദ്ദേശഭരണ സ്ഥാപനങ്ങള്‍, കളക്ടറേറ്റ്, അക്ഷയ ജില്ലാ ഓഫീസ് എന്നിവിടങ്ങളില്‍ ലിസ്റ്റ് പരിശോധനയ്ക്ക് ലഭ്യമാകും. റാങ്ക് പട്ടികയില്‍ ആക്ഷേപമുളള പക്ഷം ലിസ്റ്റ് പ്രസിദ്ധീകരിച്ച് 14 ദിവസത്തിനകം ജില്ലാ കളക്ടര്‍ ചെയര്‍മാനായ ജില്ലാ തല അപ്പീല്‍ കമ്മറ്റി മുമ്പാകെ പരാതി ഉന്നയിക്കാം. ഫോണ്‍. 04936 206267.

വാഹനീയം;
ഗതാഗതമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് ആഗസ്റ്റ് 11 ന്

മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട പരാതികളിലും, തീര്‍പ്പാക്കാത്ത അപേക്ഷകളിലും ഗതാഗത വകുപ്പ് മന്ത്രിയുമായി നേരിട്ട് സംവദിച്ച് പരാതി പരിഹാരം നടത്തുന്നതിന് ആഗസ്റ്റ് 11 ന് ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ വാഹനീയം പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തില്‍ പരിഗണിക്കേണ്ട അപേക്ഷകള്‍ ആഗസ്റ്റ് 5 വരെ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ്, സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളില്‍ സ്വീകരിക്കും. വിവിധ സേവനങ്ങള്‍ക്കായി അപേക്ഷ നല്‍കിയവരും വാഹന ആര്‍.സി, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ ലഭിക്കാത്തവരും അപേക്ഷിച്ച ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: ആര്‍.ടി.ഒ ഓഫീസ് വയനാട്-9946017403, സബ് ആര്‍.ടി ഓഫീസ് സുല്‍ത്താന്‍ ബത്തേരി-9447621898, സബ് ആര്‍ ടി ഓഫീസ് മാനന്തവാടി-9495059755.

വ്യവസായ വായ്പയ്ക്ക്് അപേക്ഷിക്കാം

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നടപ്പിലാക്കി വരുന്ന പി.എം.ഇ.ജി.പി, എന്റെ ഗ്രാമം എന്നീ വ്യവസായ വായ്പാ പദ്ധതികള്‍ മുഖേന ഗ്രാമപ്രദേശങ്ങളില്‍ ഉല്‍പാദന/സേവന മേഖലകളില്‍ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പി.എം.ഇ.ജി.പി പദ്ധതിയില്‍ 1 ലക്ഷം മുതല്‍ 50 ലക്ഷം വരെയുള്ള വ്യവസായങ്ങള്‍ക്ക് അപേക്ഷിക്കാം. 25 മുതല്‍ 35 ശതമാനം സബ്‌സിഡി ലഭിക്കും. എന്റെ ഗ്രാമം പദ്ധതിയില്‍ 50,000 രൂപ മുതല്‍ 5 ലക്ഷം വരെയുള്ള വായ്്പകളാണ് അനുവദിക്കുക. ഈ പദ്ധതിയില്‍ 25 മുതല്‍ 30 വരെയും എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 40 ശതമാനവുമാണ് സബ്‌സിഡി. ഫോണ്‍-04936 202602

സൗജന്യ പരിശീലനം

വിമുക്തഭടന്മാര്‍, വിമുക്തഭട വിധവകള്‍, ആശ്രിതര്‍ എന്നിവര്‍ക്കായി സൈനീക ക്ഷേമ വകുപ്പ് എല്‍.ബി.എസ് മുഖേന മൊബൈല്‍ റിപയറിംഗ് ആന്റ് സര്‍വീസിങ്ങ്, ഫിനാന്‍ഷ്യല്‍ ആന്റ് അക്കൗണ്ടിങ് (ടാലി) കോഴ്സുകളില്‍ സൗജന്യ പരിശീലനം നല്‍കുന്നു. താല്പര്യമുള്ള ഓഗസ്റ്റ് 10 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണം. വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപ കവിയരുത്. ഫോണ്‍. 04936 202668.

Leave A Reply

Your email address will not be published.

error: Content is protected !!