പൂതാടി ഗ്രാമപഞ്ചായത്ത് വാകേരിയില്‍ ദിവസങ്ങളായി ഭീതിപരത്തിയ കടുവ ഒടുവില്‍ വനം വകുപ്പിന്റെ കൂട്ടിലായി. വാകേരി കക്കടംകുന്നില്‍ ഭീതിപരത്തിയ കടുവയാണ് ഇന്ന് രാവിലെ 11.15 ഓടെ വനം വകുപ്പ് സ്ഥാപിച്ച കുട്ടിലകപ്പെട്ടത്. കൂട്ടിലകപ്പെട്ട പെണ്‍കടുവക്ക് 14 വയസ്സ് പ്രായമാണ് കണക്കാക്കുന്നത്. ആഴ്ചകളായി വാകേരി കക്കടംകുന്നിലെ ഏദന്‍ വാലി എസ്റ്റേറ്റിലും പരിസര പ്രദേശത്തും ഭീതി പരത്തിയ കടുവയാണ് ഒടുവില്‍ കൂട്ടിലായത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10.30 ഓടെയാണ് കടുവയ്ക്കായ് വനം വകുപ്പ് ഏദന്‍ വാലി എസ്റ്റേറ്റില്‍ കൂട് സ്ഥാപിച്ചത്. എസ്റ്റേറ്റിലെ വളര്‍ത്തുനായ ബ്രോണിയെ കടുവ പിടികൂടിയ സ്ഥലത്ത് തന്നെയാണ് കൂട് വെച്ചത്. നിരന്തരം എസ്റ്റേറ്റില്‍ വന്ന് പോയിക്കൊണ്ടിരുന്ന കടുവയെ പിടികൂടണമെന്ന തൊഴിലാളികളുടെ ആവശ്യവും, തൊഴിലെടുക്കുന്നതിനുള്ള ഭീതിയും വയനാട് വിഷന്‍ വാര്‍ത്തകളായി നല്‍കിയിരുന്നു. 14 വയസ് പ്രായം വരുന്ന പെണ്‍ കടുവയാണ് വനം വകുപ്പിന്റെ കൂട്ടില്‍ അകപ്പെട്ടത്. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം കടുവയെ ബത്തേരി നാലാം മൈലിലെ അനിമല്‍ ഹോസ് സ്‌പൈയ്‌സ് സെന്ററിലേക്കാണ് കൊണ്ടുപോയത്. വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ വിശദ പരിശോധനകള്‍ക്ക് ശേഷം കടുവയെ തുറന്ന് വിടണോ എന്നും മറ്റും തീരുമാനിക്കും.ഡി.എഫ് ഒ ഷജ്‌ന, ചെതലയം റെയ്ഞ്ച് ഓഫീസര്‍ അബ്ദുള്‍ സമദ് ,ഡെപ്യൂട്ടി ഇന്‍ ചാര്‍ജ് ശിവരാമന്‍, കേണിച്ചിറ സ്റ്റേഷനിലെ എസ്.ഐ ബിജു ആന്റണി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്ത് എത്തിയാണ് തുടര്‍ നടപടികള്‍ സ്വീകരിച്ചത്. ഒരു വര്‍ഷം പൂര്‍ത്തിയാവുന്നതിന് മുമ്പെ രണ്ടാമത്തെ കടുവയെയാണ് വനം വകുപ്പ് കൂട് വെച്ച് പിടികൂടുന്നത്. ഓഗസ്റ്റ് 3 ന് മൈലം പാടി, പുല്ലുമല, മണ്ഡകവയല്‍, കല്ലിടാം കുന്ന്, സി.സി സ്‌കൂള്‍ ഭാഗങ്ങളില്‍ ഭീതി പരത്തിയ കടുവയെ പിടികൂടിയിരുന്നു.