മാനന്തവാടി-കൈതക്കല്‍ റോഡ് നിര്‍മ്മാണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു

0

മാനന്തവാടി-കൈതക്കല്‍ റോഡ് പുനരുദ്ധാരണ പ്രവര്‍ത്തി പൊതുമരാമത്ത്-രജിസ്ട്രേഷന്‍ മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. കൊയിലേരിയില്‍ നടന്ന ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. 2016-17 സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച റോഡ് പദ്ധതി കിഫ്ബി വഴിയാണ് നടപ്പിലാക്കുന്നത്. മാനന്തവാടിയെ ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയുമായി യോജിപ്പിക്കുന്ന പ്രധാന പാതയാണ് മാനന്തവാടി -കെതക്കല്‍ റോഡ്. റോഡിന്റെ പുനരുദ്ധാരണം പൂര്‍ത്തിയാകുന്നതോടെ പ്രദേശത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ കുറുവാ ദ്വീപിന്റെയും വള്ളിയൂര്‍ക്കാവിന്റെയും വികസനത്തിന് ആക്കംകൂടും. മൈസൂരു, കുടക്, മാനന്തവാടിയില്‍ നിന്ന് കല്‍പ്പറ്റ എന്നിവിടങ്ങളിലേക്കുള്ള പ്രധാന ബെപ്പാസായും മാറും. നിലവില്‍ റോഡിന്റെ വീതി 5.5 മീറ്ററില്‍ നിന്ന് ഏഴു മീറ്ററാക്കി മെക്കാഡം ടാറിംങ് ചെയ്യും. 12 മീറ്റര്‍ വീതിയില്‍ ബസ്ബേ, സീബ്രാ ലൈന്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഓവുചാലുകളും ശാസ്ത്രീയമായ രീതിയില്‍ നിര്‍മ്മിക്കും. ഏറനാട് എന്റര്‍പ്രണേഴ്സ് എന്ന കമ്പനിക്ക് രണ്ടു വര്‍ഷത്തേക്കാണ് പ്രവര്‍ത്തി പൂര്‍ത്തിയാക്കാന്‍ കരാര്‍ നല്‍കിയിരിക്കുന്നത്. മാനന്തവാടി നഗരസഭാ അധ്യക്ഷന്‍ വി.ആര്‍ പ്രവീജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ പൈലി, മുനിസിപ്പല്‍ കൗണ്‍സിലര്‍ മഞ്ജുള അശോകന്‍, കിഫ്ബി ചീഫ് എഞ്ചിനീയര്‍ വി.വി ബിനു, നിരത്തുകള്‍ വിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയര്‍ ഇ.ജി വിശ്വപ്രകാശ്, പാലങ്ങള്‍ വിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയര്‍ പി.കെ മിനി, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!