മുതിര്‍ന്നവരുടെ കരുതല്‍ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും: ഡി എം ഒ
രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും കൂടുന്ന സാഹചര്യത്തില്‍ ജില്ലയില്‍ മുതിര്‍ന്നവരുടെ കരുതല്‍ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീനയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. കേസുകള്‍ വര്‍ധിക്കാതിരിക്കാന്‍ അടിയന്തരമായി നടത്തേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. ജൂണ്‍ 15ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ 37,522 പേരാണ് കരുതല്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. അന്നുമാത്രം 18 പേര്‍ കരുതല്‍ ഡോസെടുത്തു. 18 വയസ്സിന് മുകളിലുള്ള 6,59,698 പേര്‍ ജില്ലയിലുണ്ട്. ജൂണ്‍ 15 വരെ 18 വയസ്സിന് മുകളിലുള്ള 6,91,085 പേര്‍ ആദ്യ ഡോസ് വാക്‌സിനും (104.76 ശതമാനം- ജില്ലയ്ക്ക് പുറത്തുനിന്ന് എത്തിയവര്‍ ഉള്‍പ്പെടെ) 6,10,477 പേര്‍ രണ്ടാം ഡോസ് വാക്‌സിനും (92.54 ശതമാനം) സ്വീകരിച്ചു. ജില്ലയില്‍ 15നും 17നും ഇടയില്‍ പ്രായമുള്ള 29,245 കുട്ടികളാണുള്ളത്. ഈ പ്രായത്തിനിടയിലുള്ള 36,394 കുട്ടികള്‍ ഒന്നാം ഡോസും (124.45 ശതമാനം) 24,027 കുട്ടികള്‍ രണ്ടാം ഡോസ് (82.16 ശതമാനം) വാക്‌സിനേഷനുമെടുത്തു. 12നും 14നും ഇടയില്‍ പ്രായമുള്ള 27,857 കുട്ടികളില്‍ 16,249 പേര്‍ ഒന്നാം ഡോസ് വാക്‌സിന്‍ (58.33 ശതമാനം) സ്വീകരിച്ചു. 4,803 കുട്ടികളാണ് രണ്ടാം ഡോസ് വാക്‌സിന്‍ (17.24 ശതമാനം) സ്വീകരിച്ചത്.
രാജ്യത്താകമാനം കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മുതിര്‍ന്നവര്‍ക്ക് കരുതല്‍ ഡോസ് കൂടി നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. പ്രായമായവരെ കൂടാതെ മറ്റു ഗുരുതര രോഗങ്ങള്‍ ബാധിച്ചവരും കരുതല്‍ വാക്സിന്‍ എടുക്കണം. ഇപ്പോള്‍ രോഗം സ്ഥിരീകരിക്കുന്നവരില്‍ ഈ വിഭാഗങ്ങളിലുള്ളവരിലാണ് ആശുപത്രി ചികിത്സയും, ഐ.സി.യു പരിചരണവും ആവശ്യമായി വരുന്നത്. ഇതൊഴിവാക്കാന്‍ കരുതല്‍ ഡോസ് കൂടി സ്വീകരിക്കുന്നത് തികച്ചും ഫലപ്രദമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ച് 9 മാസം പിന്നിട്ടവര്‍ കരുതല്‍ ഡോസ് സ്വീകരിക്കണം. മുതിര്‍ന്നവര്‍ക്കും, പ്രമേഹം തുടങ്ങിയ ഇതര രോഗങ്ങള്‍ ഉള്ളവര്‍ക്കും, ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍നിര പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് കരുതല്‍ ഡോസ് സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ നിന്ന് സൗജന്യമായി സ്വീകരിക്കാം. 60 വയസ്സിനു താഴെയുള്ള മേല്‍ വിഭാഗങ്ങളില്‍ പെടാത്തവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ നിന്ന് അംഗീകൃത നിരക്കില്‍ കരുതല്‍ ഡോസ് സ്വീകരിക്കാം.
സംസ്ഥാനത്ത് ഒമിക്രോണ്‍ വകഭേദമാണ് പടരുന്നത്. ഇതിനു രോഗതീവ്രത താരതമ്യേന കുറവാണെങ്കിലും പെട്ടെന്നു പകരാന്‍ സാധ്യതയുണ്ട്. എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. പ്രായമായവരും അനുബന്ധരോഗമുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ കോവിഡ് പരിശോധന നടത്തണം. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചുവെന്നു കരുതി കരുതല്‍ ഡോസ് എടുക്കാതിരിക്കരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന നിര്‍ദേശിച്ചു.