പനവല്ലിയില്‍ കാട്ടാനയുടെ താണ്ഡവം
പനവല്ലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീട് തകര്‍ന്നു വീട്ടിനുള്ളില്‍ കയറി കാട്ടാനയുടെ വിളയാട്ടം വീട്ടുപകരണങ്ങളും നശിപ്പിച്ചു.പനവല്ലി മൊടോമറ്റത്തില്‍ അവറാച്ചന്റെ വീടിനോട് ചേര്‍ന്ന വിറക്പുര,അടുക്കള , അടുക്കളയോട് ചേര്‍ന്ന റൂം എന്നിവയാണ് കാട്ടാന നശിപ്പിച്ചത്.ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.അവറാച്ചന്‍ പയ്യമ്പള്ളിയിലെ കുടുംബ വീട്ടില്‍ പോയ സമയത്തായിരുന്നു കാട്ടാനയുടെ ആക്രമണം. വനം വകുപ്പുദ്യോഗസ്ഥര്‍ രാവിലെ സ്ഥലം സന്ദര്‍ശിച്ചു. തിങ്കളാഴ്ച രാത്രിയില്‍ അവറാച്ചന്റെ കൃഷിയിടത്തില്‍ പ്രവേശിച്ച ആന കൃഷിയിടത്തോട് ചേര്‍ന്ന വീടിന്റെ അടുക്കളവാതില്‍ തകര്‍ത്ത് വീട്ടിനുള്ളില്‍ പ്രവേശിക്കുകയും നാശനഷ്ടങ്ങള്‍ വരുത്തുകയുമായിരുന്നു. അരിയും അടുക്കള ഉപകരണങ്ങളും ചിതറിത്തെറിച്ച നിലയിലാണ്. വീടിന് പുറകിലെ ഷെഡ്ഡിന്റെ ആസ്ബറ്റോസ് ഷീറ്റ് പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. ഷെഡ്ഡിനോട് ചേര്‍ന്ന് നിര്‍മ്മിച്ച കരിങ്കല്‍ മതിലും തകര്‍ത്ത നിലയിലാണ്. മുന്‍പും കൃഷിയിടത്തില്‍ ആന പ്രവേശിച്ച് നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണെങ്കിലും ഇത് ആദ്യമായാണ് വീടിന് നാശം വരുത്തിയതെന്നും അവറാച്ചന്‍ പറഞ്ഞു. പനവല്ലി ഉള്‍പ്പെടുന്ന തിരുനെല്ലി ഗ്രാമ പഞ്ചായത്തിന്റെ പല പ്രദേശങ്ങളും വന്യമൃഗശല്യത്തിന്റെ ഭീഷണിയിലാണ്. വന്യമൃഗാക്രമണത്തില്‍ കൃഷിനാശവും വീടും ജീവഹാനിയടക്കം സംഭവിക്കുന്നത് തുടര്‍കഥയാകുമ്പോള്‍ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരമില്ലാത്തത് ജനങ്ങളുടെ സൈ്വര ജീവിതത്തിന് വലിയ രീതിയില്‍ തടസ്സം വരുത്തുകയാണ്.