രജിസ്‌ട്രേഷന്‍ മേഖലയെ നവീകരിക്കും – മന്ത്രി വി.എന്‍. വാസവന്‍

0

മുഴുവന്‍ ആധാരങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നതടക്കമുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി രജിസ്‌ട്രേഷന്‍ മേഖലയെ നവീകരിക്കുമെന്ന് മന്ത്രി വി.എന്‍. വാസവന്‍. ആധാരം എഴുത്ത് ജീവനക്കാരെ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളുമായ് സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും മന്ത്രി. മാനന്തവാടി സബ്ബ് രജിസ്ട്രാര്‍ ഓഫീസിന്റെ പുതിയ കെട്ടിടം ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രജിസ്‌ട്രേഷന്‍ മേഖലയെ പൂര്‍ണ്ണമായും അഴിമതി വിമുക്തമാക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷത വഹിച്ചു. ഒ. ആര്‍ കേളു എം.എല്‍.എയുടെയും രാഹുല്‍ ഗാന്ധി എം.പിയുടെയും സന്ദേശം ചടങ്ങില്‍ വായിച്ചു. പ്രൊജക്ട് എഞ്ചിനീയര്‍ സി. കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെട്ടിടത്തിന്റെ ഫലക അനാച്ഛാദനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു. മാനന്തവാടി നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി.എസ് മൂസ, വാര്‍ഡ് കൗണ്‍സിലര്‍മാരായ ബി.ഡി അരുണ്‍കുമാര്‍, അശോകന്‍ കൊയിലേരി, ജില്ലാ രജിസ്ട്രാര്‍ എ.ബി സത്യന്‍, സബ് രജിസ്ട്രാര്‍ റെജു ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.2018ലെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 365 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 1 കോടി 20 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിര്‍മ്മിച്ചത്. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് കെട്ടിടം നിര്‍മ്മിച്ചത്. മാനന്തവാടി, പയ്യമ്പളളി, പേരിയ, വാളാട്, എടവക, നല്ലൂര്‍നാട്, തിരുനെല്ലി, തവിഞ്ഞാല്‍, തൃശിലേരി എന്നീ 9 വില്ലേജുകളാണ് മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!