പ്രധാനമന്ത്രി ഉള്‍പ്പെടെ രാജ്യം ആശാ വര്‍ക്കര്‍മാരെ പ്രകീര്‍ത്തിക്കുമ്പോഴും സംസ്ഥാനത്ത് ആശാവര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം ലഭിച്ചിട്ട് മാസം മൂന്ന് തികയുന്നു.തുഛമായ ഓണറേറിയത്തിന് സേവനം ചെയ്യുമ്പോഴും ഓണറേറിയമോ ഫെര്‍ഫോമന്‍സ് അലവന്‍സോ ലഭിക്കാതെ ദുരിതം പേറുകയാണ് സംസ്ഥാനത്തെയും ജില്ലയിലേയും ആശാവര്‍ക്കര്‍മാര്‍.ചില സാങ്കേതിക പ്രശ്‌നങ്ങളാണ് ഓണറേറിയം വൈകാന്‍ കാരണമെന്ന് അധികൃതര്‍.
നഴ്‌സുമാരെ മാലാഖമാര്‍ എന്നു വിളിക്കുമ്പോള്‍ ആശാവര്‍ക്കര്‍മാരെയും മാലാഖമാരോട് ചേര്‍ത്ത് വിളിക്കാം കാരണം കഴിഞ്ഞ കൊവിഡ് കാലത്ത് ആശാവര്‍ക്കര്‍മാര്‍ ചെയ്ത സേവനം അത്രമാത്രം വിലമതിക്കുന്നതാണ്. എന്നാല്‍ ഇവര്‍ക്ക് ലഭിക്കുന്ന വേതനമോ നാമമാത്രവും. ഓണറേറിയമായി സംസ്ഥാന സര്‍ക്കാര്‍ 6000 രൂപ നല്‍കുമ്പോള്‍ ഫെര്‍ഫോമന്‍സ് അലവന്‍സും മറ്റും നല്‍കുന്നത് കേന്ദ്രവും.ഫലത്തില്‍ ഇത് രണ്ടും നിലച്ചിട്ട് ഇപ്പോള്‍ മൂന്ന് മാസത്തിനടുത്താകുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി മാസം വരെ ഓണറേറിയവും മറ്റ് അലവന്‍സുകളും ലഭിച്ചിരുന്നു.മാര്‍ച്ചില്‍ ഫെര്‍ഫോമന്‍സ് അലവന്‍സ് ലഭിച്ചെങ്കിലും ഓണറേറിയം ലഭിച്ചിരുന്നില്ല. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ആരോഗ്യ മേഖലയില്‍ നടപ്പാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഗ്രാമപ്രദേശങ്ങളിലടക്കം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതും വയോജനങ്ങളുടെയും ഗര്‍ഭിണികളുടെയും കുഞ്ഞുങ്ങളുടെയും മറ്റും ആരോഗ്യ കാര്യങ്ങളില്‍ സദാ ജാഗരൂപരായി തങ്ങളിലേല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ ഇപ്പോഴും നിര്‍വ്വഹിച്ചു വരികയാണ് ആശാവര്‍ക്കര്‍മാര്‍. ജില്ലയില്‍ 872 പേരും സംസ്ഥാനത്ത് ഇരുപത്തി ആറായിരത്തിലധികം പേരും ആശാവര്‍ക്കര്‍മാരായി സേവനമനുഷ്ടിച്ചു വരുന്നുണ്ട്. ചില സാങ്കേതിക പ്രശ്‌നങ്ങളാണ് ഓണറേറിയം വൈകാന്‍ കാരണമെന്ന് അധികൃതര്‍ പറയുമ്പോഴും ഓണറേറിയമോ അലവന്‍സോ ലഭിക്കാതെ ദുരിതം പേറുകയാണ് ജില്ലയിലേയും സംസ്ഥാനത്തെയും ആശാവര്‍ക്കര്‍മാര്‍