വയനാട്ടിലെത്തിയ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി സന്ദര്‍ശന സ്ഥലങ്ങളില്‍ പൊടുന്നനെ മാറ്റം വരുത്തിയത് സംസ്ഥാന സര്‍ക്കാരിനും ജില്ലാ ഭരണകൂടത്തിനും തിരിച്ചടിയായി.നേരത്തെ തീരുമാനിച്ച കല്‍പ്പറ്റ മരവയല്‍ പണിയകോളനിയിലെ സന്ദര്‍ശന സമയം മാറ്റി മന്ത്രി ആദ്യമെത്തിയത് ഭൗതികസാഹചര്യങ്ങള്‍ തീരെകുറഞ്ഞ കണിയാമ്പറ്റ പഞ്ചായത്തിലെ അമ്പലച്ചാല്‍ കോളനിയിലാണ്.കോളനിക്കാരുടെ പരാതികള്‍ മന്ത്രി നേരില്‍ കേട്ടു.20 വീടുകളിലായി 50തിലധികം കുടുംബങ്ങളാണ് 4 പതിറ്റാണ്ടായി ഇവിടെ താമസിക്കുന്നത്.ചതുപ്പുവയല്‍ പ്രദേശമാണിവിടം.
മഴക്കാലത്ത് വീടുകളില്‍ വെള്ളം കയറി ഇവരെ മാറ്റിപ്പാര്‍പ്പിക്കുകയാണ് പതിവ്.വെള്ളമില്ലെന്നും ശൗചാലയമില്ലെന്നുമുള്ള പരാതി മന്ത്രി നേരില്‍ കേട്ടുയെന്നു മാത്രമല്ല നാലു കുടുംബങ്ങള്‍ ചെറിയ വീടുകളില്‍ ഒരുമിച്ച് താമസിക്കുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.വീടുകളുടെയും ശൗചാലങ്ങളുടെയും കുടിവെള്ള പെപ്പുലൈനുകളുടെയും ജോലികള്‍ നല്ല രീതിയില്‍ പൂര്‍ത്തിയായ കല്‍പ്പറ്റയിലെ മരവയല്‍ കോളനിയിലേക്കാണ് ഉദ്യോഗസ്ഥര്‍ മന്ത്രിയെ കൊണ്ടുപോകാനിരുന്നത്. എന്നാല്‍ കലക്ട്രേറ്റിലെ അവലോകനയോഗത്തിനു ശേഷം പരിപാടിയില്‍ മാറ്റം വരുത്തിയതായി ബിജെപി നേതാക്കള്‍ മാധ്യമങ്ങളോട് അറിയിക്കുകയായിരുന്നു.കോളനിക്കാരുടെ പ്രശ്‌നം ഗൗരവമുള്ളതാണെന്നും അടിയന്തരമായി പരിഹരിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.