നവസാക്ഷരതാ- ഇ-സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

0

 

ജില്ലയില്‍ നവസാക്ഷരതാ പ്രവര്‍ത്തനങ്ങളും ഇ-സാക്ഷരതാ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതപ്പെടുത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍. പഠന ലിഖ്ന അഭിയാന്‍ പൊതുസാക്ഷരതാ പദ്ധതിയിലും ആദിവാസി സാക്ഷരതാ പദ്ധതിയിലും പഞ്ചായത്ത് തല കോ-ഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചവരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.എച്ച് സാബു മുഖ്യപ്രഭാഷണം നടത്തി. വയനാട് ജില്ല സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന തലത്തില്‍ നവ സാക്ഷരര്‍ക്കായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുമെന്ന് ഡയറക്ടര്‍ പറഞ്ഞു.

നവ സാക്ഷരര്‍ക്ക് ഇ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനായി പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു വരുന്നതായി അദ്ദേഹം പറഞ്ഞു.സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍, നോഡല്‍ പ്രേരക് ഷിന്‍സി റോയ് എന്നിവര്‍ സംസാരിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പഠിതാക്കള്‍ പരീക്ഷ എഴുതിയ ഗ്രാമപഞ്ചായത്തിനുള്ള ഉപഹാരം തിരുനെല്ലി ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍ ഏറ്റുവാങ്ങി. 1036 പേരാണ് തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ പരീക്ഷയെഴുതിയത്. ഏറ്റവും കൂടുതല്‍ പേരെ പരീക്ഷക്കിരുത്തിയ പൊഴുതന ഗ്രാമപഞ്ചായത്ത് പ്രേരക് കെ ഫാത്തിമയെ ചടങ്ങില്‍ ആദരിച്ചു. 830 പേരെയാണ് ഫാത്തിമ പരീക്ഷക്കിരുത്തിയത്. പ്രേരക്മാരില്‍ നിന്ന് വിരമിച്ച വത്സ തങ്കച്ചന്‍, വാസന്തി പി വി എന്നിവര്‍ക്ക് ഉപഹാരം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!