ജില്ലയുടെ മധ്യഭാഗമായിട്ടും പനമരത്ത് ഫയര്‍ സ്റ്റേഷന്‍ ഇല്ലാത്തത് അപലപനീയമാണെന്ന് പനമരം പൗരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വിവിധ പ്രദേശങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിപ്പെടാമെന്നതാണ് ഇവിടെ അഗ്‌നി രക്ഷ സേനയുണ്ടെങ്കിലുള്ള നേട്ടം. വാര്‍ത്താസമ്മേളനത്തില്‍ പനമരം പൗരസമിതി ചെയര്‍മാന്‍ അഡ്വ. ജോര്‍ജ് വാത്തുപറമ്പില്‍ , കണ്‍വീനര്‍ റസാക്ക് സി. പച്ചിലക്കാട്, ട്രഷറര്‍ വി.ബി രാജന്‍, ടി.ഖാലിദ് എന്നിവര്‍ പങ്കെടുത്തു.
പനമരത്തിന് അടുത്ത പ്രദേശങ്ങളായ കണിയാമ്പറ്റ , പൂതാടി, പുല്‍പ്പള്ളി, കോട്ടത്തറ, മീനങ്ങാടി , മുട്ടില്‍ എന്നിവിടങ്ങളില്‍ ഏതെങ്കിലും തരത്തില്‍ ദുരന്തം ഉണ്ടാവുമ്പോള്‍ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ യൂണിറ്റുകളില്‍ നിന്നാണ് ജീവന്‍ രക്ഷാ സേന എത്തുന്നത്.കൃത്യ സമയത്തിന് എത്താന്‍ കഴിയാത്തത് ഇവിടെ വലിയ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.പ്രളയത്തില്‍ വീടുകളില്‍ ഒറ്റപ്പെട്ടു പോകുന്നവരെ മാറ്റി പാര്‍പ്പിക്കുന്നതിന് ഫൈബര്‍ ബോട്ടിന്റെ സേവനം ഇല്ലാത്തത് പനമരത്ത് പലതവണ പ്രശ്‌നമായിട്ടുണ്ട്.
കഴിഞ്ഞ ദിവസം വരദൂര്‍ പുഴയില്‍ യുവാവ് അകപ്പെട്ടപ്പോള്‍ കല്‍പ്പറ്റയില്‍ നിന്നുമാണ് ഫയര്‍ഫോഴ്‌സ് എത്തിയത്. അര മണിക്കൂറിലേറെ നാട്ടുകാരും മീനങ്ങാടി പോലീസും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവിലായിരുന്നു ജിഷ്ണുവിനെ പുറത്തെടുത്തത്. ഇത്തരം അടിയന്തിര സാഹചര്യത്തില്‍ പോലും അഗ്‌നിരക്ഷാ സേനയ്ക്ക് എത്തിപ്പെടാന്‍ സാധിക്കുന്നില്ല. ഈ രീതിയിലുള്ള ദുരന്തങ്ങള്‍ പനമരം മേഖലയില്‍ പല തവണയുണ്ടായതാണ്. ജില്ലയില്‍ താലൂക്ക് ആസ്ഥാനങ്ങളിലാണ് അഗ്‌നി രക്ഷസേനയുള്ളത്. മധ്യഭാഗ ടൗണെന്ന പരിഗണനയില്‍ പനമരവും പരിഗണിക്കപ്പെടാവുന്നതാണ്.