ജില്ലയില്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ കൂടുതലുള്ള മേഖലകളില്‍ പ്ലസ് വണ്‍ ഹുമാനിറ്റീസിന് അധിക ബാച്ചുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാറിന് കത്തയയ്ക്കാന്‍ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. നിലവില്‍ 455 വിദ്യാര്‍ഥികള്‍ അവസരം ലഭിക്കാത്തവരായുണ്ട്. ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് ഹുമാനിറ്റീസ് ബാച്ചുകള്‍ അധികമായി അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സമിതി ചെയര്‍പെഴ്സണായ ജില്ലാ കളക്ടര്‍ എ. ഗീതയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് യോഗം ചേര്‍ന്നത്.
സയന്‍സ്, കൊമേഴ്സ് ബാച്ചുകളില്‍ ജില്ലയില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടെങ്കിലും പട്ടികവര്‍ഗക്കാരായ വിദ്യാര്‍ഥികളില്‍ അധികവും താത്പര്യപ്പെടുന്നത് ഹുമാനിറ്റീസിന് ചേരാനാണ്. സംസ്ഥാന സര്‍ക്കാറിന്റെ വിശപ്പുരഹിത കേരളം പദ്ധതിയില്‍ ജില്ലയിലെ ഓരോ മണ്ഡലത്തിലും ഒരു സുഭിക്ഷ ഹോട്ടല്‍ പദ്ധതിയെങ്കിലും ആരംഭിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കും. സൗജന്യ നിരക്കില്‍ ഉച്ചഭക്ഷണവും മറ്റ് ഭക്ഷണ പദാര്‍ഥങ്ങളും വിതരണം ചെയ്യുന്നതിനുള്ള ഹോട്ടലുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 10 ലക്ഷം രൂപ വരെ ചെലവഴിക്കാം. പദ്ധതിയുടെ വിശദാംശങ്ങളടങ്ങിയ മാര്‍ഗരേഖ ജില്ലയിലെ എം.എല്‍.എമാര്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും നല്‍കും.
സാമ്പത്തിക വര്‍ഷം അവസാനിക്കാറായ സാഹചര്യത്തില്‍ മുഴുവന്‍ വകുപ്പുകളും പദ്ധതി നിര്‍വ്വഹണം വേഗത്തിലാക്കണമെന്നും അനുവദിച്ച പണം പൂര്‍ണമായി ചെലവിടണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. എം.എല്‍.എമാരുടെ പ്രാദേശിക വികസന ഫണ്ട്, ആസ്തി വികസന ഫണ്ട് തുടങ്ങിയുടെ നിര്‍വഹണ പുരോഗതി വിലയിരുത്തുന്നതിനായി പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കും.
ഈ മാസം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ സുഭദ്ര നായര്‍ക്ക് യോഗം യാത്രയയപ്പ് നല്‍കി. ജില്ലാ വികസന സമിതിയുടെയും ജില്ലാ പട്ടികവര്‍ഗ വകുപ്പിന്റെയും ഉപഹാരങ്ങള്‍ ജില്ലാ കളക്ടര്‍ എ. ഗീത സമ്മാനിച്ചു. ഒ.ആര്‍ കേളു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, എ.ഡി.എം ഷാജു എന്‍.ഐ., സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ സുഭദ്ര നായര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.