രണ്ടു സ്റ്റേഡിയങ്ങളും  മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കും

0

കായിക വകുപ്പിനു കീഴില്‍ കല്‍പ്പറ്റയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന അമ്പിലേരി ഓംകാരനാഥന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, മരവയല്‍ എം.കെ ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയം എന്നിവ കായിക- വഖഫ്- ഹജ്ജ് വകുപ്പു മന്ത്രി വി. അബ്ദുറഹ്്മാന്‍ സന്ദര്‍ശിച്ചു. രണ്ട് സ്റ്റേഡിയങ്ങളുടെയും ഇന്‍ഡോര്‍ സ്റ്റേഡിയാത്തോടു ചേര്‍ന്ന രണ്ട് നീന്തല്‍ കുളങ്ങളുടെയും നിര്‍മ്മാണ പുരോഗതി വിലയിരുത്തിയ മന്ത്രി ജോലികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കി.മൂന്ന് മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കി രണ്ടു സ്റ്റേഡിയങ്ങളും കായിക പ്രേമികള്‍ക്കായി തുറന്നു കൊടുക്കുമെന്നു മന്ത്രി പറഞ്ഞു.

കോവിഡ് സാഹചര്യമാണ് ജോലികള്‍ വൈകാന്‍ കാരണമായത്. കല്‍പ്പറ്റ ഒരു കായിക ഹബാവാന്‍ പോവുകയാണ്. ഉന്നത ഗുണനിലവാരത്തിലും അന്താരാഷ്ട്ര നിലവാരത്തിലുമാണ് സ്റ്റേഡിയങ്ങള്‍ യാഥാര്‍ഥ്യമാകുന്നത്. വിദേശ ക്ലബ്ബുകളുടെ എക്സിബിഷന്‍ മാച്ചുകള്‍ ഉള്‍പ്പെടെ ഇവിടെ നടത്താനാവും. കായിക താരങ്ങള്‍ക്ക് താമസിച്ച് പരിശീലനം നേടുന്നതിനുള്ള സൗകര്യങ്ങളിലും രണ്ട് സ്റ്റേഡിയങ്ങളിലുമുണ്ട്. കേരളത്തിലെ തന്നെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളില്‍ ഒന്നായി കല്‍പ്പറ്റയിലെ രണ്ടു സ്റ്റേഡിയങ്ങളും മാറാന്‍ പോവുകയാണെന്നും മന്ത്രി പറഞ്ഞു.

എം.എല്‍.എമാരായ ടി. സിദ്ദിഖ്, ഒ.ആര്‍. കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു, വൈസ് പ്രസിഡന്റ് സലീം കടവന്‍, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം കെ. റഫീക്, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എന്‍.സി സാജിദ്, കെ.പി വിജയി, എ.ഡി. ജോണ്‍, പി.കെ അയ്യൂബ്, സെക്രട്ടറി എ.ടി ഷണ്‍മുഖന്‍ എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!