പുതിയ പാലം നിര്‍മ്മിക്കാന്‍ 10 കോടി

0

 

പനമരം ചെറുപുഴയ്ക്കു കുറുകെ പുതിയ പാലം നിര്‍മ്മിക്കാന്‍ 10 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. പനമരം ബീനാച്ചി റോഡിലെ അരനൂറ്റാണ്ടിലേറെ പഴക്കമുള്ള അപകടാവസ്ഥയിലായ ചെറിയ പാലത്തിന് പകരം പുതിയ പാലം നിര്‍മ്മിക്കാനാണ് ഫണ്ട് അനുവദിച്ചത്. പ്രദേശവാസികളുടെ വര്‍ഷങ്ങള്‍ നീണ്ട ആവശ്യമാണ് ഇപ്പോള്‍ പരിഹരിക്കപ്പെട്ടത്.

പാലത്തിന് ഇരു വശങ്ങളിലും പാലം അപകടത്തിലാണ് എന്ന ബോര്‍ഡ് സ്ഥാപിക്കുകയും 2018ല്‍ പാലം നിര്‍മിക്കുന്നതിനു മൂന്നര ലക്ഷം രൂപ മുടക്കി യന്ത്ര സഹായത്താല്‍ സാധ്യത പഠനം നടത്തിയതും മാത്രമാണ് ഈ കാലയളവില്‍ പൊതുമരാമത്ത് ആകെ ചെയ്ത പണി. ദിനംപ്രതി നൂറുകണക്കിന് ഭാരവാഹനങ്ങള്‍ അടക്കം കയറിയിറങ്ങുന്ന പാലത്തിന്റെ ഒരു ഭാഗത്തെ കൈവരികള്‍ തകര്‍ന്നിട്ട് തന്നെ വര്‍ഷങ്ങളായെങ്കിലും നന്നാക്കിയിട്ടില്ല. 1950ല്‍ അവശ്യ സാധനങ്ങള്‍ വാങ്ങാനായി പനമരത്തെ ആശ്രയിച്ചിരുന്ന നടവയല്‍ പ്രദേശവാസികള്‍ താല്‍ക്കാലികമായി നിര്‍മിച്ച ചെറിയപാലം പിന്നീട് ചെറിയ തോതില്‍ ബലപ്പെടുത്തുക മാത്രമാണ് അധികൃതര്‍ ചെയ്തത്.

ചെറിയപാലം പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പാലത്തിനു സമീപം കുടില്‍ കെട്ടി ഒറ്റയാള്‍ സമരം അടക്കം ഒട്ടേറെ സമരങ്ങള്‍ നടത്തിയെങ്കിലും നടപടിയുണ്ടായിരുന്നില്ല. പാലം പുനര്‍നിര്‍മിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് പനമരം ബ്ലോക്ക് പഞ്ചായത്തധികൃതര്‍ അടക്കമുള്ളവരുടെ പരാതിയെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുന്‍പ് പൊതുമരാമത്ത് മന്ത്രി പാലം സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്‌തെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് ഒ.ആര്‍. കേളു എംഎല്‍എയുടെ നിരന്തരമായ ഇടപെടലുകളുടെ ഫലമായാണ് പാലത്തിന്റെ നിര്‍മാണത്തിനായി സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത്. ഫണ്ട് അനുവദിച്ച സാഹചര്യത്തില്‍ നല്ല കരാറുകാരെ കണ്ടെത്തി നിര്‍മാണം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!