ഭര്‍ത്താവിന്റെ ദുരൂഹ മരണം: ആദിവാസി വീട്ടമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കി
ഭര്‍ത്താവിന്റെ ദുരൂഹ മരണത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ആദിവാസി വീട്ടമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കാട്ടിക്കുളം ആലത്തൂര്‍ കുളിര്‍മാവ് കോളനിയിലെ ഉഷയാണ് ഭര്‍ത്താവിന്റെ ദുരൂഹ മരണത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷനും മാനന്തവാടി ഡിവൈഎസ്പിക്കും പരാതി നല്‍കിയത്. 2016ല്‍ വെള്ളാഞ്ചേരി ഇ.കെ അബ്ദുള്‍ ലത്തീഫ് എന്ന ആളുടെ കൂടെ കാപ്പിതോട്ടത്തില്‍ വെള്ളം പമ്പ് ചെയ്യാന്‍ പോയതായിരുന്നു ഭര്‍ത്താവ് ശശി. കൂടെ ചന്ദ്രന്‍ എന്നയാളും ഉണ്ടായിരുന്നു. ലത്തീഫിന്റെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത് കുളത്തില്‍ വെള്ളം കുറവായിരുന്നുവെന്നും മുങ്ങി മരിക്കാന്‍ സാധ്യതയില്ലെന്നും ഉഷ പറഞ്ഞത് പോലീസ് കാര്യമാക്കിയില്ലെന്ന് പരാതിയില്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങി മരണം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടില്‍ തിരിമറി ഉണ്ടെന്നും ഉഷ ആരോപിക്കുന്നു.