കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തോളം അടഞ്ഞു കിടക്കുന്ന ജില്ലയിലെ വിദ്യാലയങ്ങള്‍ നവംബര്‍ 1 മുതല്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനാവശ്യമായ മുന്നൊരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. ജില്ലാ ഭരണകൂടം, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സാമൂഹ്യ-സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ സ്‌കൂളുകളില്‍ എല്ലാവിധ ശുചിത്വ-സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
സ്‌കൂളുകളില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് അധ്യയനം നടത്തുക. വിദ്യാഭ്യാസ- ആരോഗ്യ- ഗതാഗതവകുപ്പുകളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കും. ജില്ലാഭരണകൂടം, ജനപ്രതിനിധികള്‍, ത്രിതല പഞ്ചായത്ത് മേധാവികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും സന്ദര്‍ശിച്ച് മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. ഗോത്രവിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുളള ലാപ്ടോപ്, മുഴുവന്‍ വിദ്യാലയ ങ്ങള്‍ക്കും ആവശ്യമായ തെര്‍മല്‍ സ്‌കാനര്‍ എന്നിവയുടെ വിതരണവും പൂര്‍ത്തിയായി. ആരോഗ്യപ്രവര്‍ത്തകരെ ഉള്‍ക്കൊളളിച്ചുകൊണ്ടുളള ജാഗ്രത സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ അകറ്റുന്നതിനായി പ്രത്യേകം ഹെല്‍പ്പ്ഡെസ്‌ക്കും വിദ്യാലയതലത്തില്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാകളക്ടര്‍ പറഞ്ഞു.
.
ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൈ കഴുകാനുളള സോപ്പ്, ബക്കറ്റ് എന്നിവ വാങ്ങാനുളള ഫണ്ടും സ്‌ക്കൂളുകള്‍ക്ക് ലഭ്യമാക്കിയതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. ഗോത്രബന്ധു അധ്യാപകര്‍ മുന്‍വര്‍ഷം ജോലിചെയ്ത വിദ്യാലയത്തില്‍ തന്നെ ഈ വര്‍ഷവും തുടരും. ജില്ലയിലെ മുഴുവന്‍ അധ്യാപകരും പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമില്‍ ക്ളാസ്സുകള്‍ കൈകാര്യം ചെയ്യുന്നതിനായി ജി-സ്യൂട്ട് പരിശീലനവും ജില്ലയില്‍ അധ്യാപകരും വിദ്യാഭ്യാസ ആഫീസര്‍മാരും നേടിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രക്ഷാകര്‍ത്തൃയോഗങ്ങള്‍ ചേര്‍ന്ന് സ്‌കൂളിലെ ക്രമീകരണങ്ങള്‍ വിലയിരുത്തും. ഗോത്രവിഭാഗം ഉള്‍പ്പെടെ മുഴുവന്‍ കുട്ടികളെയും അധ്യാപ കര്‍ ബന്ധപ്പെട്ട് സ്‌ക്കൂള്‍ തുറക്കുന്ന വിവരം അറിയിച്ചിട്ടുണ്ട്. ക്രമീകരിച്ച ദിവസങ്ങളില്‍ കുട്ടികള്‍ രക്ഷിതാക്കളുടെ സമ്മതപ്രകാരം സ്‌ക്കൂളില്‍ എത്തുന്നതിനുളള നിര്‍ദ്ദേശവും നല്‍കിയതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. .
കരുതലോടെ ആരോഗ്യ വകുപ്പും.
പ്രതീക്ഷയോടെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലേക്ക് പോകുമ്പോള്‍ കരുതലോടെ ആരോഗ്യ വകുപ്പും ഒപ്പമുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക. വിദ്യാര്‍ത്ഥികള്‍ക്കോ അധ്യാപകര്‍ക്കോ രക്ഷിതാക്കള്‍ക്കോ ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണ്. കുട്ടികളുടെ ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും അധ്യാപകരും രക്ഷിതാക്കളും ഉറപ്പ് വരുത്തേണ്ടതാണ്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായോ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനിയുമായോ ബന്ധപ്പെടാവുന്നതാണ്. അധ്യാപകര്‍ കോവിഡ് പ്രതിരോധത്തിന്റെ ബാലപാഠങ്ങള്‍ വിദ്യാര്‍ത്ഥികളെ ഇടയ്ക്കിടയ്ക്ക് പറഞ്ഞ് ഓര്‍മ്മപ്പെടുത്തണം. ഇടവേളയ്ക്ക് ശേഷം സ്‌കൂളിലെത്തുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡി.എം.ഒ ആശംസ അറിയിച്ചു.