കുരങ്ങു പനി തടയുന്നതിനായി ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ നടപടികള്‍ തുടങ്ങി. തിരുനെല്ലി പഞ്ചായത്തില്‍ നടന്ന പ്രതിരോധ കുത്തിവെപ്പ് യജ്ഞം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എന്‍ ഹരീന്ദ്രന്‍ അധ്യക്ഷനായി. ബേഗൂര്‍ പി. എച്ച്. സി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെറിന്‍ എസ് ജെറാഡ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രവീന്ദ്രന്‍, ജെ.എച്ച്.ഐ. ആനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.
നവംബര്‍ മുതല്‍ ഏപ്രില്‍ മാസം വരെയുള്ള കാലയളവാണ് പൊതുവെ കുരങ്ങ് പനി പിടിപെടാന്‍ സാധ്യത കൂടുതലുള്ളത്. ഇക്കാലയളവില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്നവരും വനത്തില്‍ പോകുന്നവരും അതീവ ജാഗ്രത പുലര്‍ത്തണം. കുരങ്ങുകള്‍ ചത്തുകിടക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഉടനടി ആരോഗ്യവകുപ്പ് , ഫോറസ്‌ററ് , മൃഗസംരക്ഷണ വകുപ്പ് എന്നിവരെ അറിയിക്കേണ്ടതാണ്. അവയുടെ അടുത്ത് ഒരു കാരണവശാലും പോകരുത് . വനത്തില്‍ വിറകിനോ മറ്റു ആവശ്യങ്ങള്‍ക്കോ പോകുന്നവര്‍ ശരീരം പൂര്‍ണ്ണമായും മൂടുന്ന വസ്ത്രം ധരിക്കണം , ചെള്ള് കടിക്കാതിരിക്കാന്‍ ലേപനം പുരട്ടണം. ഫോറസ്റ്റില്‍ തീറ്റക്കായി വിടുന്ന മൃഗങ്ങള്‍ക്ക് ചെള്ള് കടിക്കാതിരിക്കാന്‍ ലേപനം പുരട്ടുകയും ചെയ്യേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. വനമേഖലയുമായും കുരങ്ങുമായും സമ്പര്‍ക്കമുള്ളവര്‍ നിര്‍ബന്ധമായും പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടതാണ്. രോഗ ലക്ഷണം ഉണ്ടെങ്കില്‍ സ്വയം ചികിത്സ പാടില്ലെന്നും അധികൃതര്‍ അറിയിച്ചു.