ഊബര്‍ മാതൃകയില്‍ വിപുലമായ വാഹന ശൃംഖലയുമായി സംസ്ഥാന സര്‍ക്കാരും ഓണ്‍ലൈന്‍ ടാക്‌സി രംഗത്തേക്ക്. ‘കേരള സവാരി’ എന്ന പേരില്‍ നവംബര്‍ ഒന്നിനു തിരുവനന്തപുരം നഗരത്തിലാണു തുടക്കം. കേരളത്തിലാകെ ഓടിക്കൊണ്ടിരിക്കുന്ന 7 ലക്ഷം ഓട്ടോറിക്ഷകളെയും 5 ലക്ഷം ടാക്‌സി കാറുകളെയും പദ്ധതിയില്‍ പെടുത്തും. തുടക്കത്തില്‍ നഗരത്തില്‍ 50 ടാക്‌സിയും 50 ഓട്ടോറിക്ഷയുമാണ് പരീക്ഷണാര്‍ഥം ഓടുന്നത്. പിന്നീട് ജില്ലാ ആസ്ഥാനങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കും. ഇതിനായി ടാക്‌സിഓട്ടോ ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണം നടത്തുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
സംസ്ഥാന തൊഴില്‍വകുപ്പും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പാലക്കാട് ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസും (ഐടിഐ) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സോഫ്റ്റ്വെയര്‍, ജിപിഎസ് ഏകോപനം, കോള്‍ സെന്റര്‍ എന്നിവയെല്ലാം ഐടിഐയാണ് നല്‍കുന്നത്. ഓരോ ട്രിപ്പിനും ടാക്‌സി ഉടമ തുകയുടെ 8% സര്‍ക്കാരിനു നല്‍കണം. ഇതില്‍ 6% തുക ഐടിഐ സേവനത്തിനാണ്.
മോട്ടര്‍ വാഹന വകുപ്പ് നിശ്ചയിച്ചിട്ടുള്ള നിരക്കാണ് ടാക്‌സിക്കും ഓട്ടോയ്ക്കും നല്‍കേണ്ടത്. മൊബൈല്‍ ആപ്പില്‍ കാണിക്കുന്ന പണം നല്‍കിയാല്‍ മതി. ഓട്ടം വിളിക്കുന്നയാള്‍ നില്‍ക്കുന്നതിന് 500 മീറ്ററിനുള്ളിലാണു വാഹനം ഉള്ളതെങ്കില്‍ സ്ഥലത്തു വന്ന് ആളെ കയറ്റുന്നതിന് അധികം ചാര്‍ജ് ഉണ്ടാകില്ല.
സുരക്ഷയ്ക്കായി പൊലീസിനെ അറിയിക്കാന്‍ പ്രത്യേക ബട്ടണ്‍ വാഹനങ്ങളില്‍ സ്ഥാപിക്കും. കൂടുതല്‍ ഓട്ടോടാക്‌സികളെ പദ്ധതിയിലേക്ക് ആകര്‍ഷിക്കാന്‍ ഓഫറുകളും മുന്നോട്ടു വയ്ക്കുന്നുണ്ട്. ഇതിനായി പെട്രോള്‍ ഡീസല്‍, ടയര്‍, ഇന്‍ഷുറന്‍സ് കമ്പനികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയാണ്. കേരള സവാരിയില്‍ പെട്ട വാഹനങ്ങള്‍ക്ക് ഈ കമ്പനികളുടെ ഓഫറുകള്‍ ലഭിക്കും.