ഡിസിസി പ്രസിഡന്റായി എന്‍ഡി അപ്പച്ചന്‍.

0

കെ.പി.സി.സി അംഗവും വയനാട് മുന്‍ ഡി.സി.സി പ്രസിഡണ്ടും,നിലവില്‍ യു.ഡി.എഫ് ജില്ലാ കണ്‍വീനറുമായ എന്‍.ഡി അപ്പച്ചനെ വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായി തിരഞ്ഞെടുത്തു. 1949 മെയ് രണ്ടിന് നെല്ലിനില്‍ക്കുംതടത്തില്‍ പരേതരായ എന്‍ ഡി ദേവസ്യയുടെയും അന്നമ്മയുടെയും പത്ത് മക്കളില്‍ രണ്ടാമനായി ജനിച്ചു. 1970ലാണ് പൊതുപ്രവര്‍ത്തനരംഗത്തേക്ക് എത്തുന്നത്. 1972ല്‍ വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിസെക്രട്ടറിയായാണ് ആദ്യമായി പാര്‍ട്ടിയുടെ ഔദ്യോഗിക പദവിയിലേക്കെത്തുന്നത്. 1973ല്‍ മുട്ടില്‍ മണ്ഡലം പ്രസിഡന്റായി. 1975ല്‍ മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറര്‍, 1977ല്‍ കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറര്‍, 1979 മുതല്‍ 1982 വരെ മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, 1982 മുതല്‍ 1987 വരെയുള്ള കാലഘട്ടത്തില്‍ കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, 1984മുതല്‍ 87 വരെ ഡി സി സി എക്സിക്യുട്ടീവ് മെമ്പര്‍, 1987 മുതല്‍ 1991 വരെ ഡി സി സി ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 1991ല്‍ ജില്ലയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ഡി സി സി പ്രസിഡന്റായി. 2004 വരെ ഡി സി സി പ്രസിഡന്റ് സ്ഥാനത്തിനൊപ്പം തന്നെ ജില്ലാ യു ഡി എഫ് ചെയര്‍മാന്‍ സ്ഥാനവും വഹിച്ചു. 2004 മുതല്‍ 2020 വരെ കെ പി സി സി എക്സിക്യുട്ടീവ് അംഗവും, 2020 മുതല്‍ കെ പി സി സി അംഗവുമാണ്. 2017 മുതല്‍ ജില്ലാ യു ഡി എഫ് കണ്‍വീനര്‍ സ്ഥാനവും വഹിച്ചുവരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനം മുതല്‍ നിയമസഭാ സാമാജികന്‍ വരെയുള്ള വിവിധ സ്ഥാനങ്ങളും എന്‍ ഡി അപ്പച്ചന്‍ അലങ്കരിച്ചിട്ടുണ്ട്. 1979 മുതല്‍ 1984 വരെ മുട്ടില്‍ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. 1987 മുതല്‍ 1992 വരെ മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. 1984 മുതല്‍ 1989 വരെ മടക്കിമല സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടറായിരുന്നു. 1995 മുതല്‍ 2000 വരെ വയനാട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, 2001 മുതല്‍ 2006 കാലഘട്ടത്തില്‍ ബത്തേരി നിയോജകമണ്ഡലം എം എല്‍ എ, 2013-2016 വരെ മലയോരവികസന ഏജന്‍സിയുടെ വൈസ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചു. 1992 മുതല്‍ മാനന്തവാടി കാത്തോലിക്കാ രൂപതയുടെ പാസ്ട്രല്‍ കൗണ്‍സില്‍ മെമ്പറാണ്.

Leave A Reply

Your email address will not be published.

error: Content is protected !!