പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ചെതലയം റേഞ്ചിലെ വെട്ടത്തൂര്‍ വാച്ച് ടവറില്‍ താമസിച്ച സംഭവത്തില്‍ പുല്‍പ്പള്ളി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രാഥമിക അന്വേഷണത്തില്‍ തന്നെ പ്രതികള്‍ ഇത്തരത്തില്‍ നിരവധി തട്ടിപ്പുകള്‍ നടത്തിയവരാണെന്നാണ് ലഭിച്ച വിവരം. സംഘത്തിലുള്ളവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.വനം വകുപ്പുമായി ബന്ധപ്പെട്ട് സംഘത്തിന് താമസ സൗകര്യമൊരുക്കിയതും ഭക്ഷണം ഉള്‍പ്പെടെ എത്തിച്ചു നല്‍കിയതും ഉള്‍ക്കാട്ടിലുള്‍പ്പെടെ വനം വകുപ്പിന്റെ വാഹനത്തില്‍ ട്രക്കിംഗിന് കൊണ്ടുപോയതുമെല്ലാം ഗുരുതര വീഴ്ചയായാണ് വിലയിരുത്തുന്നത്.
സംഭവം വിവാദമായതോടെ വനംവകുപ്പിന്റെ ഫ്‌ളയിംഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ളവര്‍ അന്വേഷണം നടത്തി വരികയാണ്. മാസങ്ങളായി അടച്ചിട്ടിരിക്കുന്ന കുറുവാ ദ്വീപ് ഉള്‍പ്പെടെ സംഘത്തിന് കാണാന്‍ അവസരമൊരുക്കിയ സംഭവവും പുറത്തായതോടെ വനം വകുപ്പിന് തലവേദനയായി മാറിയിരിക്കുകയാണ്. അപരിചിതരായട നാല് പേര്‍ വനത്തിനുള്ളില്‍ കറങ്ങിനടക്കുന്നുണ്ടെന്ന് കോളനിവാസികളില്‍ ചിലര്‍ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടര്‍ന്നാണ് പുല്‍പ്പള്ളി പോലീസ് സ്ഥലത്തെത്തിയത്. എന്നാല്‍ അപ്പോഴേക്കും സംഘം സ്ഥലം വിട്ടിരുന്നു. ഇതിന് ശേഷമാണ് വനം വകുപ്പ് പരാതിയുമായി പോലീസിന് മുന്നിലെത്തിയത്. യാതൊരു പരിശോധനയും, അന്വേഷണവും നടത്താതെ നാല്‍വര്‍ സംഘത്തിന് 4 ദിവസം എല്ലാ വിധ സൗകര്യങ്ങളുമൊരുക്കി നല്‍കിയ സംഭവം വനം വകുപ്പിന് തന്നെ നാണക്കേടായിരിക്കുകയാണ്. സംഭവത്തില്‍ കുറ്റക്കാരായ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി യുണ്ടാകുമെന്നാണ് സൂചന.