വയനാട് ജില്ലയിലെ പട്ടയഭൂമികളില്‍ നിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന അവ്യക്തത നീക്കണമെന്നാവശ്യപ്പെട്ട് നൂല്‍പ്പുഴ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു.ജില്ലയിലെ ഡബ്ല്യുസിഎസ് പട്ടയമുള്‍പ്പടെയുള്ള ഭൂമികളില്‍ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന അവ്യക്തത ചര്‍ച്ചചെയ്യുന്നതിനാണ് യോഗം ചേര്‍ന്നത്.ശാശ്വതപരിഹാരം കാണമെന്നാവശ്യപ്പെട്ട് എംഎല്‍എമാരെയും കലക്ടറെയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെയും നേരില്‍ കണ്ട് വിഷയം ഉന്നയിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
നായ്ക്കട്ടി എ എല്‍ പി സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ വിഷയത്തില്‍ വ്യക്തത വരുത്തണമെന്ന് പങ്കെടുത്തവര്‍ ഉന്നയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പട്ടയഭൂമികളിലെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വ്യക്തതവരുത്തുന്നതിന് ജില്ലയിലെ എംഎല്‍എമാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്, കലക്ടര്‍ എന്നിവരെ നേരല്‍ കണ്ട് ജില്ലാതലത്തില്‍ യോഗം ചേര്‍ന്ന് പ്രശ്നത്തില്‍ ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് നടപടികള്‍ കൈകൊള്ളണമെന്നും യോഗം തീരുമാനിച്ചു. കൂടാതെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിനെ നേരില്‍ കണ്ട് വിഷയം ഉന്നയി്ക്കാനും പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ യോഗം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത് സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെടാനും നൂല്‍പ്പുഴ സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ ഷീജ സതീഷ് അധ്യക്ഷനായിരുന്നു. പഞ്ചായത്തിലെ ത്രിതലപഞ്ചായത്ത് ജനപ്രതിനിധികള്‍, സര്‍വ്വകകക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.