ആയുര്‍വേദ ചികിത്സയുടെ മറവില്‍ പൊഴുതന സ്വദേശിയില്‍ നിന്ന് 14,000 രൂപ കൈക്കൂലി വാങ്ങിയ ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍ ഡോക്ടര്‍ യു സി അബ്ദുള്ളയെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു.ലക്ഷദ്വീപ് സ്വദേശിയായ ഇയാള്‍ മുമ്പും കൈക്കൂലി കേസില്‍ സസ്‌പെന്‍ഷന്‍ നേരിട്ടിട്ടുണ്ട്.ആയുര്‍വേദ ആശുപത്രിയിലെത്തിയ പൊഴുതന സ്വദേശിയായ രോഗിയുടെ ബന്ധുവിനോട് വീട്ടിലെത്തി ചികിത്സ നടത്താമെന്ന പേരിലാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്.പിന്നീട് വീട്ടിലേക്ക് ഒരു ഡോക്ടറെ പറഞ്ഞയക്കുകയും ദിവസക്കൂലി 500 രൂപ നല്‍കേണ്ടി വന്നതായും പൊഴുതന സ്വദേശി പറയുന്നു.
ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവിശ്യപ്പെട്ട് കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു.ആയുര്‍വേദ ഡി എം ഓ ഡോ.ബിന്ദു ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ പണം വാങ്ങിയതായി സമ്മതിക്കുകയും,വാങ്ങിയ പണം മടക്കി നല്‍കാമെന്ന് നഗരസഭാ ചെയര്‍മാനോട് ഉറപ്പ് നല്‍കുകയായിരുന്നു.തുടര്‍ന്നാണ് ഡിഎംഒ ഡോക്ടറെ സസ്‌പെന്റ് ചെയ്യ്തത്. ചികിത്സ നടത്തുന്ന നിരവധി രോഗികളില്‍ നിന്ന് ഇയാള്‍ ദക്ഷിണയെന്ന പേരില്‍ പണം കൈക്കൂലിയായി വാങ്ങിയിട്ടുണ്ടെന്ന് കേയംതൊടി മുജീബ് പറഞ്ഞു.