ലോംഗ് കൊവിഡ്’ കൂടുതലും സ്ത്രീകളിലോ?; അറിയാം ഇക്കാര്യങ്ങള്‍.

0

 

കൊവിഡ് 19 മഹാമാരിയെ അതിജീവിച്ച ശേഷവും ഒരു പിടി ആരോഗ്യപ്രശ്നങ്ങള്‍ വ്യക്തികളെ പിടികൂടുന്നുണ്ട്. ഇവയില്‍ മിക്കതും കൊവിഡ് ലക്ഷണമായി തന്നെ വരുന്നവയാണ്. കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയ ശേഷവും ദീര്‍ഘകാലത്തേക്ക് ഈ പ്രശ്നങ്ങള്‍ തുടരുന്ന അവസ്ഥയെ ആണ് ‘ലോംഗ് കൊവിഡ്’ എന്ന് വിളിക്കുന്നത്.

ലോംഗ് കൊവിഡിന്റെ കാര്യത്തില്‍ ലിംഗവ്യത്യസവും പ്രായവ്യത്യാസവുമെല്ലാം ഘടകമായി വന്നേക്കാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലും ‘ലോംഗ് കൊവിഡ്’ കാണുന്നതെന്നും ഈ മേഖലയില്‍ പഠനം നടത്തുന്ന ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് പ്രധാനമായും മൂന്ന് കാരണമാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്.

ഒന്ന്…

പൊതുവേ ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കുന്ന വേദനകള്‍, തളര്‍ച്ച എന്നിങ്ങനെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ കൂടുതലും സ്ത്രീകളിലാണ് കണ്ടുവരുന്നത്. ഇതുതന്നെ കൊവിഡിന്റെ കാര്യത്തിലും ബാധകമാകാം. പുരുഷനെ അപേക്ഷിച്ച് രോഗ പ്രതിരോധവ്യവസ്ഥ സജീവമായി നില്‍ക്കുന്നതിനാലാണ് സ്ത്രീകളില്‍ കൊവിഡ് ബാധ താരതമ്യേന കുറവായിരിക്കുന്നത്. എന്നാല്‍ ഇതേ കാരണം കൊണ്ട് കൊവിഡ് ബാധിച്ചവരില്‍ ‘ലോംഗ് കൊവിഡ്’ കാണാമെന്നും വിദഗ്ധര്‍ പറയുന്നു. അതായത് പ്രതിരോധവ്യവസ്ഥ സജീവമായി പ്രവര്‍ത്തിക്കുന്നതിലൂടെ ദീര്‍ഘസമയത്തേക്ക് തളര്‍ച്ചയും വേദനയും വരാം. അതുപോലെ തന്നെ ആര്‍ത്തവവിരാമത്തോട് അനുബന്ധഘട്ടങ്ങളില്‍ നില്‍ക്കുന്ന സ്ത്രീകളിലും ‘ലോംഗ് കൊവിഡ്’ സംഭവിക്കാം. 40 മുതല്‍ 60 വയസ് വരെയുള്ള സ്ത്രീകളാണ് ഇക്കാര്യം കരുതേണ്ടത്.

രണ്ട്…

പൊതുവില്‍ ഏത് തരം ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ ആകട്ടെ, അത് പുരുഷനെക്കാള്‍ ആദ്യം ശ്രദ്ധിക്കുകയും ചികിത്സ തേടുകയും ചെയ്യുന്നത് സ്ത്രീകളാണ്. ‘ലോംഗ് കൊവിഡ്’ സ്ത്രീകളില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് മറ്റൊരു കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നതും ഇതേ കാരണമാണ്.

കൊവിഡ് 19 മഹാമാരി വ്യാപകമായ ആദഘട്ടത്തില്‍ പലയിടങ്ങളിലും സ്ത്രീകളില്‍ കൂടുതലായി രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതും ഇത്തരത്തില്‍ തന്നെയായിരുന്നു.

മൂന്ന്…

പുരുഷന്മാരില്‍ നിന്ന് വ്യത്യസ്തമായി നിരന്തരം ഹോര്‍മോണ്‍ വ്യതിയാനങ്ങളിലൂടെ കടന്നുപോകുന്നവരാണ് സ്ത്രീകള്‍. വാക്സിനേഷനെ തുടര്‍ന്നുണ്ടാകുന്ന ഫലങ്ങളില്‍ പോലും ഇത് സ്വാധീനം ചെലുത്തുന്നുണ്ടത്രേ. ഇതേ ഘടകം തന്നെ ‘ലോംഗ് കൊവിഡ്’ന് പിന്നിലും പ്രവര്‍ത്തിക്കാമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടലുകള്‍.

Leave A Reply

Your email address will not be published.

error: Content is protected !!