ബൈപാസ് റോഡ് തുറന്ന് നല്‍കണമെന്ന ആവശ്യം ശക്തം
മാനന്തവാടി വയനാട് മെഡിക്കല്‍ കോളേജില്‍ നിന്നും താഴെയങ്ങാടിയിലേക്കുള്ള ബൈപാസ് റോഡ് തുറന്ന് നല്‍കണമെന്ന ആവശ്യം ശക്തം. മെഡിക്കല്‍ കോളേജിലേക്കുള്ള തിരക്ക് ഒഴിവാക്കാന്‍ റോഡ് തുറന്നു കൊടുക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.പോസ്റ്റ് ഓഫീസ് പരിസരത്തു നിന്ന് തുടങ്ങി മെഡിക്കല്‍ കോളേജ് വഴി താഴയങ്ങാടി റോഡിലെത്തുന്ന ബൈപാസ് റോഡാണ് ആശുപത്രിക്ക് സമീപം അടച്ചത്.
മുന്‍പ് ജില്ലാ ആശുപത്രിയായ സമയത്ത് ഇതിലൂടെ വാഹനങ്ങള്‍ പോയിരുന്നു. പിന്നീട് റോഡ് അടയ്ക്കുകയാണ് ഉണ്ടായത്. റോഡ് അടച്ചതോടെ ആശുപത്രി റോഡില്‍ തിരക്ക് വര്‍ധിക്കുകയും ഉണ്ടായി. താഴയങ്ങാടിയിലെത്താന്‍ ബദല്‍ റോഡായി ഉപയോഗപെടുത്താവുന്ന റോഡ് ചില വ്യക്തി താല്പര്യങ്ങള്‍ക്ക് വേണ്ടി അടച്ചതാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട് .ആശുപത്രിയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ഗ്യാരേജിലേക്കുള്ള എളുപ്പ വഴി കൂടിയാണ് ഈ ബൈപാസ്.കല്ലോടി,തൊണ്ടര്‍നാട്, തുടങ്ങിയ ഭാഗങ്ങളില്‍ നിന്ന് വരുന്ന രോഗികള്‍ക്ക് അത്യാവശ്യഘട്ടങ്ങളില്‍ ഉപകാരപെടുന്ന റോഡ് ഉടന്‍ തുറന്നു കൊടുക്കണമെന്നും അല്ലാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ബി.ജെ.പി നേതാക്കള്‍ വ്യക്തമാക്കി.