എകെഎസ്ടിയു നേതൃത്വത്തില്‍ വയനാട് ജില്ലയിലെ ആദിവാസി മേഖലയിലെ ഒരു ഗ്രാമം ദത്തെടുത്ത് വിദ്യാഭ്യാസ പുരോഗതി ഉറപ്പാക്കുന്ന ഒപ്പം (ഒപ്റ്റിമൈസിംഗ് പീപ്പിള്‍’സ് പേഴ്‌സണാലിറ്റി ആന്റ് അക്കാദമിക് ഡവലപ്‌മെന്റ് മിഷന്‍) എന്ന പേരിലുള്ള പങ്കാളിത്ത ഗ്രാമം പദ്ധതിയുടെ രൂപരേഖ വിദ്യാഭ്യാസ മന്ത്രി കെ. ശിവന്‍ കുട്ടിക്ക് സമര്‍പ്പിച്ചു. അധ്യാപകര്‍ നിങ്ങള്‍ക്കൊപ്പം എന്തിനും,ഏതിനും എന്നതാണ് ഈ പദ്ധതിയുടെ പ്രധാന മുദ്രാവാക്യം.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കരുത്തുപകരുകയും, പൊതുസമൂഹത്തിന്റെ ഇച്ഛക്കനുസരിച്ച് പ്രവര്‍ത്തിക്കുകയും വഴി സാമൂഹികമായും, സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന കുട്ടികളെയും, അവരുടെ കുടുംബങ്ങളെയും കൈപിടിച്ചുയര്‍ത്തി അവരുടെ ഊര്‍ജ്ജവും, ശേഷിയും സമൂഹനന്മക്കായി ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിലൂടെ ഒരു ഉത്തമ മാതൃക സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സംഘടന പദ്ധതി നടപ്പിലാക്കുന്നത് എന്ന് എകെഎസ്ടിയു ഭാരവാഹികള്‍ പറഞ്ഞു. പഠനപ്രവര്‍ത്തനങ്ങള്‍, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, കുട്ടികള്‍ക്കായുള്ള പരിശീലനങ്ങള്‍, രോഗമുക്തി പ്രവര്‍ത്തനങ്ങള്‍, പശ്ചാത്തല സൗകര്യം ഒരുക്കല്‍, തൊഴില്‍ പരിശീലനങ്ങള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, മറ്റു പൊതു പരിപാടികള്‍ എന്നിങ്ങനെ ഒന്‍പത് വിഭാഗങ്ങളിലായാണ് പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ അവരുടെ പഠന പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള സൗകര്യവും സാഹചര്യവും ഒരുക്കികൊടുക്കുക, കുട്ടികളിലെ വിവിധങ്ങളായ ശേഷികള്‍ തിരിച്ചറിഞ്ഞ് അവ പരിപോഷിപ്പിക്കുന്നതിനാവശ്യമായ പരിശീലനങ്ങളും ഇടപെടീലും നടത്തുക, ഭിന്നശേഷിക്കാര്‍, അവശത അനുഭവിക്കുന്നവര്‍, രോഗശയ്യയിലായവര്‍ എന്നീ വിഭാഗം കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കി അവരുടെ ആത്മവിശ്വാസവും ശേഷിയും വര്‍ദ്ധിപ്പിക്കുക, ഗ്രാമത്തിലെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ ഭഗഭാക്കാകുക, ഹരിതവത്കരണത്തിലൂടെയും ശുചിത്വവത്കരണത്തിലൂടെയും ബോധവത്കരണ ത്തിലൂടെയും പൊതുജനങ്ങളില്‍ മാനസികാരോഗ്യവും ശാരീരിക ആരോഗ്യവും വളര്‍ത്തിയെടുക്കുക, സ്വയം തൊഴില്‍ പരിശീലനങ്ങള്‍ നല്‍കി കുടുംബങ്ങളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക, കുട്ടികളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുകയും സ്വയം സുരക്ഷക്ക് പ്രാപ്തരാക്കുകയും ചെയ്യുക എന്നിവ പദ്ധതിയുടെ മിഷനുകളില്‍ പെടുന്നു. എകെഎസ്ടിയു രജിത ജൂബിലി പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഒപ്പം പദ്ധതി ഏറ്റെടുക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. എ കെ എസ് ടി യു സംസ്ഥാന പ്രസിഡന്റ് എന്‍.ശ്രീകുമാര്‍ , ജനറല്‍ സെക്രട്ടറി ഒ.കെ. ജയകൃഷ്ണന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.സുധാകരന്‍, വയനാട് ജില്ലാ ജോയിന്റ് സെകട്ടറി ശ്രീജിത്ത് വകേരി എന്നിവര്‍ വിദ്യാഭ്യാസ മന്ത്രിക്ക് രൂപരേഖ കൈമാറുന്ന ചടങ്ങില്‍ സംബന്ധിച്ചു.