കര്‍ഷകര്‍ കലക്ടറേറ്റിലേക്ക് ദുരിതയാത്ര നടത്തി

0

കല്‍പ്പറ്റ:കാര്‍ഷിക ജില്ലയായ വയനാട് കാര്‍ഷിക വിളകളുടെ ശവപറമ്പായി മാറുകയും നിരവധി കര്‍ഷകര്‍ ജീവിതം വഴിമുട്ടി ആത്മഹത്യയില്‍ അഭയം തേടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കര്‍ഷകരെ സര്‍ക്കാര്‍ രക്ഷിക്കണമെന്നും കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്നും കര്‍ഷകര്‍ക്ക് മാസം 10000 രൂപ ജീവനാംശം നല്‍കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് ഹരിതസേനയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ ജില്ലാ കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.വയനാട് ജില്ലയില്‍ കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ ഒന്നും തന്നെ അവശേഷിക്കുന്നില്ല.എല്ലാ തരം കാര്‍ഷികവിളകളും അതിവര്‍ഷത്തില്‍ പാടെ നശിച്ചു പോയി.കര്‍ഷകന്റെ മുന്നോട്ടുള്ള ജീവിതം വഴിമുട്ടിയിരിക്കുന്നു.കാര്‍ഷിക കടങ്ങള്‍ ബാദ്ധ്യതയായി.ധനകാര്യസ്ഥാപനങ്ങളുടെ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു.അടുത്ത കാലത്തായി ധനകാര്യസ്ഥാപനങ്ങളില്‍ നിന്നുള്ള ഇടപെടലുകളെ തുടര്‍ന്ന് നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്തു.അതിവര്‍ഷത്തെ തുടര്‍ന്ന് റോഡും പാലവും നന്നാക്കുവാന്‍ ഫണ്ട് സ്വരൂപിക്കുന്ന ഭരണകൂടം കര്‍ഷകരുടെ ദയനീയാവസ്ഥ കണ്ടില്ലെന്ന് നടിക്കുകയാണ്.ഇതിനെതിരെ കര്‍ഷകരെ സംഘടിപ്പിച്ച് ശക്തമായ സമരത്തിന് തയ്യാറെടുക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത എം.സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.വയനാടന്‍ കാര്‍ഷിക വിളകളായ കാപ്പി,കുരുമുളക്,കവുങ്ങ് എന്നിവ നശിച്ചതിനാല്‍ കേടു വന്ന കാര്‍ഷിക വിളകള്‍ ഏറ്റിക്കൊണ്ടാണ് കര്‍ഷകര്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.പി.എന്‍.സുധാകരസ്വാമി,ജോസ് പുന്നയ്ക്കല്‍,സി.യു.ചാക്കോ,ജോസ്പാലിയാണ,എന്‍.എ.വര്‍ഗ്ഗീസ്,എം.കെ.ഹുസൈന്‍,സി.ആര്‍.ഹരിദാസ്,എം.എ.അഗസ്റ്റിന്‍,ടി.എം.ജോസ്,എം.മാധവന്‍,എം.സന്തോഷ്,ആര്‍.സുദര്‍ശനന്‍,എം.എം.വര്‍ഗ്ഗീസ്,പി.എ.വര്‍ഗ്ഗീസ്,പി.എ.നാഗകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!