ചൈല്‍ഡ് ലൈന്‍ ഉപദേശക സമിതി യോഗം ചേര്‍ന്നു

0

കലാ കായിക വിനോദങ്ങളുള്‍പ്പെടെ പത്തിന പരിപാടികളോടെ പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ ശാരീരിക മാനസിക ഉത്സാഹവും, സുരക്ഷയും ഉറപ്പാക്കുന്നതിന് ചൈല്‍ഡ് ലൈന്‍ രൂപരേഖ തയ്യാറാക്കി. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ഉപദേശക സമിതി യോഗത്തില്‍ പദ്ധതി അവതരിപ്പിച്ചു. ദുരന്തഘട്ടങ്ങളിലെ ആത്മരക്ഷാ മുന്‍കരുതലുകളെക്കുറിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ അഗ്നി സുരക്ഷസേന തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കും. സ്വയരക്ഷ, ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാനും പ്രതിരോധിക്കാനുമുള്ള ആത്മ വിശ്വാസം വളര്‍ത്തിയെടുക്കുകയെന്നതും പരിശീലനത്തിന്റെ ഭാഗമാണ്. 100 സ്‌കൂളുകളില്‍ ചൈല്‍ഡ് ലൈനിന്റെ ഫോണ്‍ നമ്പറും സന്ദേശവുമടങ്ങിയ പോസ്റ്റര്‍ പതിക്കാനും തീരുമാനിച്ചു. പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ പ്രശ്‌നങ്ങള്‍ പങ്കുവെയ്ക്കുന്നതിന് ബാലസഭകള്‍ ചേരും. ട്രൈബല്‍ പ്രമോട്ടേഴ്‌സ്, ആശാപ്രവര്‍ത്തകര്‍, ജെപിഎച്ച്എന്‍, കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെയാണ് ബോധവത്ക്കരണ പരിപാടി ഏകോപിപ്പിക്കുക. പഞ്ചായത്ത് ശിശു സുരക്ഷാസമിതിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനും തീരുമാനമായി. കുട്ടികളുടെ ആശങ്ക അകറ്റുന്നതിന് സന്നദ്ധ പ്രവര്‍ത്തകരുടെ അനുഭവം പങ്കുവെയ്ക്കല്‍, കൂട്ടായ്മ എന്നിവയും സംഘടിപ്പുക്കുമെന്നും ജില്ലാ ഉപദേശക സമിതി അദ്ധ്യക്ഷന്‍ ജില്ലാ കള്കടര്‍ എ.ആര്‍.അജയകുമാര്‍ അറിയിച്ചു. യൂണിസെഫിന്റെ ഇന്ത്യയിലെ ശിശു സുരക്ഷ മേധാവി ഓഗിലാര്‍ സേവ്യര്‍, ചൈല്‍ഡ് ലൈന്‍ ഇന്ത്യ ഫൗണ്ടേഷന്‍ ദക്ഷിണേന്ത്യാ മേധാവി അനുരാധാ വിദ്യാസാഗര്‍, സീനിയര്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ നിരീഷ് ആന്റണി, വയനാട് കോ-ഓര്‍ഡിനേറ്റര്‍ മജേഷ് രാമന്‍, ശിശു സുരക്ഷയുമായി ബന്ധപ്പെട്ട വകുപ്പികളിലെ ജില്ലാ തല ഉദ്യേസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചൈല്‍ഡ്‌ലൈന്‍ വളണ്ടിയര്‍മാരെ അനുമോദിച്ചു പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ചൈല്‍ഡ് ലൈന്‍ വളണ്ടിയര്‍മാരെ അനുമോദിച്ചു. ചൈല്‍ഡ് ലൈന്‍, യൂനിസെഫ്, ജില്ലാ ദുരന്തനിവാരണ അതോറിട്ടി എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് അനുമോദനം സംഘടിപ്പിച്ചത്. ജില്ലാ ആസൂത്രണഭവന്‍ എ.പി.ജെ അബ്ദുള്‍ കലാം ഹാളില്‍ ചടങ്ങ് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വളണ്ടിയര്‍മാര്‍ക്കുള്ള ഉപഹാരവും അദ്ദേഹം സമ്മാനിച്ചു. ചൈല്‍ഡ്‌ ലൈന്‍ റിജീയണല്‍ ഹെഡ് അനുരാധ വിദ്യാശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. നഗരത്തില്‍ നിന്നും ചെണ്ട മേളത്തിന്റെ അകമ്പടിയോടെയാണ് ചൈല്‍ഡ്‌ലൈന്‍ വളണ്ടിയര്‍മാരെ വിദ്യാര്‍ത്ഥികളും സംഘാടകരും അനുമോദന വേദിയിലേക്ക് സ്വീകരിച്ചത്. തുടര്‍ന്നു വളണ്ടിയര്‍മാരും കുട്ടികളും ദുരിതാശ്വാസ ഓര്‍മകള്‍ പങ്കുവച്ചു. ചൈല്‍ഡ് ലൈന്‍ ജില്ലാ ഡയറക്ടര്‍ സി.കെ ദിനേശന്‍, സീനിയര്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ നിരീഷ് ആന്റണി, കോര്‍ഡിനേറ്റര്‍ മജേഷ് രാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.സി.സി, എന്‍.എസ്.എസ്, കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!