പട്ടികവര്‍ഗ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന് വിപുലമായ അവലോകന യോഗം ചേരും

0

ജില്ലയിലെ പട്ടികവര്‍ഗ വികസന പദ്ധതികളുടെ സമഗ്രമായ പുരോഗതി വിലയിരുത്തുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങിയ വിപുലമായ യോഗം വിളിച്ചു ചേര്‍ക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു.
ആദിവാസി ഭവന നിര്‍മ്മാണം ഉള്‍പ്പെടെയുള്ള പദ്ധതികളുടെ നടത്തിപ്പിലെ പോരായ്മകളും സാങ്കേതിക തടസ്സങ്ങളും വിശദമായി പരിശോധിക്കുന്നതിനായി യോഗം വിളിച്ചു ചേര്‍ക്കുന്നതിന് ടി. സിദ്ദിഖ് എം.എല്‍.എ യോഗത്തില്‍ ആവശ്യമുന്നയിച്ചതു പ്രകാരമാണ് തീരുമാനം. ആദിവാസികള്‍ക്കുള്ള പദ്ധതി നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്ന പ്രക്രിയയില്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെ കൂടി പങ്കാളികളാക്കണമെന്നും ആദിവാസി യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. എന്‍ ഊര്, പ്രിയദര്‍ശിനി തുടങ്ങിയ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രാദേശിക യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാന്‍ എം.എല്‍.എ യുടെ നിര്‍ദ്ദേശ പ്രകാരം യോഗം തീരുമാനിച്ചു.

ആദിവാസി ഭവന പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതില്‍ വീഴ്ച വരുത്തുന്ന കരാറുകാര്‍ക്കെതിരെ കേസെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു. ചോര്‍ച്ചയുള്ള പട്ടികവര്‍ഗ ഭവനങ്ങള്‍ക്ക് ടാര്‍പോളിന്‍ ഷീറ്റിനു പകരം ട്രഫോള്‍ഡ് ഷീറ്റിടുന്നതിനുള്ള പ്രൊപ്പോസലുകള്‍ വേഗത്തില്‍ സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

കോവിഡ് പ്രതിരോധ കുത്തിവയ്പിനെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലുള്ള പ്രവണതകള്‍ കണ്ടുവരുന്നുണ്ടെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ഒ.ആര്‍. കേളു എം.എല്‍.എ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. പരിശോധനകളുടെ കാര്യത്തില്‍ ചില സ്വകാര്യ ലബോറട്ടറികള്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നതായും എം.എല്‍.എ ചൂണ്ടിക്കാട്ടി. ജില്ലയില്‍ 45 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തില്‍ കോവിഡ് ഒന്നാം ഡോസ് കുത്തിവയ്പ് 97 ശതമാനം നേട്ടം കൈവരിച്ചതായി ജില്ലാ വികസന സമിതി യോഗം വിലയിരുത്തി. ആദിവാസികള്‍ക്കായി പ്രത്യേക ഡ്രൈവ് നടത്തിയതിനാല്‍ 88 ശതമാനം പേര്‍ ഈ പ്രായപരിധിയില്‍ വാക്സിന്‍ സ്വീകരിച്ചു. 18 നും 45 നും ഇടയില്‍ പ്രായമുള്ള ആദിവാസികളെ കുത്തിവയ്പ് ചെയ്യിക്കുന്നതിന് പ്രത്യേക പരിപാടി നടത്താനും യോഗം തീരുമാനിച്ചു.

ജില്ലയിലെ വനങ്ങളും ജനവാസ മേഖലകളും വേര്‍ത്തിരിക്കുന്നതിന് പൂര്‍ണമായും ഫെന്‍സിങ് നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കാന്‍ ടി. സിദ്ദീഖ് എം.എല്‍.എ യുടെ നിര്‍ദ്ദേശ പ്രകാരം യോഗം തീരുമാനിച്ചു. ജോലിക്കു പോയ സ്ത്രീയെ കാട്ടാന ആക്രമിച്ച് ഗുരുതര പരിക്കു പറ്റിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മരണം പോലെ ഗുരുതര പരിക്കുകള്‍ സംഭവിച്ചാലും വനം വകുപ്പില്‍ നിന്ന് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ആവശ്യമായ മാറ്റം വരുത്തണെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. ഇക്കാര്യം സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യാന്‍ യോഗം തീരുമാനിച്ചു.

ജനവാസ കേന്ദ്രങ്ങളില്‍ കടുവ ഇറങ്ങുന്നത് ഉള്‍പ്പെടെയുള്ള ജില്ലയിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതിന് അടിയന്തര നടപടി വേണമെന്ന് രാഹുല്‍ഗാന്ധി എം.പിയുടെ പ്രതിനിധി കെ.എല്‍ പൗലോസ് ആവശ്യപ്പെട്ടു. സമ്പൂര്‍ണ ഗാര്‍ഹിക കുടിവെള്ള കണക്്ഷന്‍ നല്‍കുന്നതിനുള്ള പദ്ധതിയായ ജലജീവന്‍ മിഷന്‍, ആദിവാസി കോളനികളില്‍ ഉള്‍പ്പെടെ ജില്ലയിലെ പൊതുവായ ഓണ്‍ലൈന്‍ പഠനസൗകര്യങ്ങള്‍, പൊതുപഠന കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ സ്ഥിതി യോഗം വിലയിരുത്തി. 642 പൊതുപഠന കേന്ദ്രങ്ങളാണ് നിലവില്‍ ജില്ലയിലുള്ളത്. ഇന്റര്‍നെറ്റ്, വൈദ്യുതി സൗകര്യങ്ങള്‍ അപര്യാപ്തമായ മേഖലകളില്‍ അവ ലഭ്യമാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്.

സ്വാതന്ത്ര്യസമരസേനാനിയും ആദ്യകാല കമ്യൂണിസ്റ്റു പ്രവര്‍ത്തകനുമായിരുന്ന ഏ.എസ് നാരായണപിള്ളയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. ഒ.ആര്‍. കേളു എം.എല്‍.എ അദ്ദേഹത്തെ അനുസ്മരിച്ചു. യോഗത്തില്‍ എം.എല്‍.എമാരായ ഒ.ആര്‍. കേളു, ഐ.സി ബാലകൃഷ്ണന്‍, ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, രാഹുല്‍ ഗാന്ധി എം.പിയുടെ പ്രതിനിധി കെ.എല്‍ പൗലോസ്, എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ പ്ലാനിങ് ഓഫീസര്‍ സുഭദ്ര നായര്‍, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സര്‍വീസില്‍ നിന്ന് വിരമിച്ച ആര്‍.ടി.ഒ എസ്. മനോജ്കുമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ റഷീദ് മുത്തുക്കണ്ടി, ഡെപ്യൂട്ടി കലക്ടര്‍ സി.എം. വിജയലക്ഷ്മി, ഈ മാസം വിരമിക്കുന്ന ജില്ലാ ലേബര്‍ ഓഫീസര്‍ കെ. സുരേഷ് എന്നിവര്‍ക്ക് യോഗം യാത്രയപ്പ് നല്‍കുകയും മെമന്റോ സമ്മാനിക്കുകയും ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!