സ്പുട്നിക് വാക്സിന്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് പ്രാഥമിക അനുമതി

0

ന്യൂഡല്‍ഹി: റഷ്യ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിന്‍ സ്പുട്നിക് V ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡിസിജിഐ (ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ)യുടെ പ്രാഥമിക അനുമതി. സ്പുട്നിക് V വാക്സിന്‍ ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അപേക്ഷ നല്‍കിയിരുന്നു. പരീക്ഷണങ്ങള്‍ക്കും വിശകലനത്തിനും ശേഷം പൂനെയിലെ പ്ലാന്റിലാകും സ്പുട്നിക് V ഉത്പാദിപ്പിക്കുകയെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇക്കാര്യത്തില്‍ കമ്പനി വ്യാഴാഴ്ച ഡിസിജിഐക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഡിസിജിഐ നിശ്ചയിച്ചിട്ടുള്ള നാല് നിബന്ധനകള്‍ അനുസരിച്ച്, സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഗാമലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയും തമ്മിലുള്ള കരാറിന്റെ ഒരു പകര്‍പ്പും സെല്‍ ബാങ്കും വൈറസ് സ്റ്റോക്കും കൈമാറുന്നതിനും സാങ്കേതിക കൈമാറ്റത്തിനുള്ള കരാറിന്റെ ഒരു പകര്‍പ്പും സമര്‍പ്പിക്കേണ്ടതാണ്. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്തില്ലെങ്കില്‍, ജൂണ്‍ 4 ന് ഇഷ്യു ചെയ്ത തീയതി മുതല്‍ മൂന്ന് വര്‍ഷത്തേക്കായിരിക്കും കാലാവധി

സ്പുട്നിക് V വാക്സിന്‍ ഉത്പാദിപ്പിക്കാനുള്ള പ്രാഥമിക അനുമതി ലഭിച്ചു. എന്നാല്‍ ശരിക്കുള്ള ഉത്പാദനത്തിന് മാസങ്ങള്‍ വേണ്ടിവരും. ഇതിനിടയില്‍ തങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കുക കോവിഷീല്‍ഡില്‍ ആയിരിക്കും”- സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വക്താവ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ആസ്ട്രാ സെനക്കയുമായി ചേര്‍ന്നുള്ള കോവിഷീല്‍ഡ് വാക്സിനാണ് നിലവില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്നത്.

അറുപത്തഞ്ചില്‍ അധികം രാജ്യങ്ങള്‍ സ്പുട്നിക് V യ്ക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും യുറോപ്യന്‍ യൂണിയന്റെയും യു എസിന്റെയും ആരോഗ്യ അധികൃതരില്‍നിന്ന് അനുമതി ലഭിച്ചിട്ടില്ല. 91.6 ശതമാനമാണ് സ്പുട്നിക് വാഗ്ദാനം ചെയ്യുന്ന ഫലപ്രാപ്തി. നിലവില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഷീല്‍ഡ്, കൊവാക്സിന്‍ എന്നിവയെ അപേക്ഷിച്ച് സ്പുട്നിക്കിന് ഉയര്‍ന്ന ഫലപ്രാപ്തിയാണുള്ളത്.

Leave A Reply

Your email address will not be published.

error: Content is protected !!