ഓണ്‍ലൈനില്‍ ഭരണ സമിതി യോഗം പ്രതിഷേധവുമായി പ്രതിപക്ഷം
സാധാരണ നിശ്ചയിച്ച ഭരണ സമിതി യോഗം പൊടുന്നനെ ഓണ്‍ലൈന്‍ യോഗമാക്കി മാറ്റിയപ്പോള്‍ മാനന്തവാടി നഗരസഭയില്‍ പ്രതിപക്ഷം പ്ലകാര്‍ഡുകളുമേന്തി പ്രതിഷേധിച്ചു.ധനകാര്യ കമീഷന്‍ തുക വിനിയോഗിക്കുന്നതില്‍ വന്ന വിഴ്ച്ച പ്രതിപക്ഷ ബഹളത്തിന് ഇടയാക്കുമെന്ന ആശങ്കയാണ് യോഗം ഓണ്‍ലൈന്‍ ആക്കിയതെന്ന് പ്രതിപക്ഷമായ സി.പി.എം ആരോപിച്ചു.
ധനകാര്യ കമ്മീഷന്‍ അനുവദിച്ച 4 കോടി രൂപ വിനിയോഗിക്കുന്നതില്‍ ഭരണപക്ഷമായ യു.ഡി.എഫ് പക്ഷപാതപരമായ നടപടിയാണ് സ്വീകരിച്ചതെന്നാണ് പ്രതിപക്ഷമായ എല്‍.ഡി.എഫ് പറയുന്നത്. ഇന്ന് സാധാരണ യോഗം വിളിക്കുകയും അവസാന നിമിഷം ഓണ്‍ലൈന്‍ ആക്കുകയും ചെയ്തത് പ്രതിപക്ഷത്തെ ഭയന്നാണെന്നും അതുകൊണ്ട് തന്നെയാണ് പ്ലകാര്‍ഡുകളുമേന്തി ഇത്തരത്തില്‍ പ്രതിഷേധം നടത്തിയതെന്നും എല്‍.ഡി.എഫ് പറയുന്നു.അതെ സമയം സര്‍ക്കാര്‍ നിര്‍ദ്ദേശമുള്ളതിനാല്‍ കൊവിഡ് മാനദണ്ഡപ്രകാരം ഓണ്‍ലൈന്‍ യോഗമായി ചേരുകയാണ് ഉണ്ടായതെന്ന് ഭരണ സമിതി വ്യക്തമാക്കി.