ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി മാനന്തവാടി ക്ഷീരസംഘം
മാനന്തവാടി : 2018 ആഗസ്ത് മാസം കാലവര്‍ഷത്തെതുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ സര്‍വ്വവും നഷ്ടപ്പെട്ട് മറ്റ് മാര്‍ഗ്ഗമില്ലാതെ വായ്പയെടുത്ത് വാങ്ങിയ പശുക്കളെ തുച്ഛമായ വിലയ്ക്ക് വില്‍ക്കേണ്ടി വന്ന വീട്ടമ്മയ്ക്ക് സഹായഹസ്തവുമായി മാനന്തവാടി ക്ഷീരസംഘം. വി ഫോര്‍ വയനാട് മിഷന്റെ ഭാഗമായി ഡോണേറ്റ് എ കൗ പദ്ധതി പ്രകാരം ബംഗാള്‍ സ്വദേശി സ്‌പോണ്‍സര്‍ ചെയ്ത കറവപശുവിനെയാണ് പഞ്ചാരക്കൊല്ലി സ്വദേശിയായ ശ്രീമതി രജനിയ്ക്ക് നല്‍കിയത്. പശുക്കളെ വളര്‍ത്തി ഉപജീവനമാര്‍ഗ്ഗം തേടിയിരുന്ന നിരവധിപേര്‍ക്കാണ് ഡോണേറ്റ് എ കൗ പദ്ധതി പ്രകാരം ജില്ലയില്‍ പശുക്കളെ നല്‍കിയത്. 15-ല്‍ അധികം പശുക്കളേയും കന്നുകുട്ടികളേയും കല്‍പ്പറ്റ ക്ഷീരവികസന ഓഫീസര്‍ ശ്രീമതി ഹര്‍ഷ മുന്‍കൈയെടുത്ത് ജില്ലയില്‍ വിതരണം നടത്തിയിരുന്നു. വയനാട് ജില്ലാ സഹകരണ ബാങ്കില്‍ നിന്നും മാനന്തവാടി ക്ഷീരസംഘം മുഖേന വായ്പയെടുത്ത രജനിയും കുടുംബവും മറ്റ് മാര്‍ഗ്ഗമില്ലാതെ ബുദ്ധിമുട്ടുന്ന ഘട്ടത്തിലാണ് ഡോണേറ്റ് എ കൗ പദ്ധതി മുഖേന മാനന്തവാടി ക്ഷീരസംഘം മുന്‍കൈയെടുത്ത് രജനിയ്ക്ക് കറവപ്പശുവിനെ നല്‍കിയത്. മാനന്തവാടി ക്ഷീരോല്‍പ്പാദക സഹകരണസംഘം വാര്‍ഷിക പൊതുയോഗത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ ബഹു. സബ്കലക്ടര്‍ ശ്രീ എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ് പശുവിനെ കൈമാറി. സംഘം പ്രസിഡണ്ട് പി ടി ബിജു, ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ സൈമണ്‍, കല്‍പ്പറ്റ ഡി.ഇ.ഒ ഹര്‍ഷ തുടങ്ങിയവര്‍ സംസാരിച്ചു.