സഹകരണ ബാങ്കില്‍ വന്‍ വായ്പ തട്ടിപ്പും നിയമന അഴിമതിയും

0

പുല്‍പള്ളി: സഹകരണ ബാങ്കില്‍ വന്‍ വായ്പ തട്ടിപ്പും നിയമന അഴിമതിയും നടത്തി കോടികള്‍ തട്ടിയെടുത്ത ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഴിമതി നടത്തിയവരുടെ പേരില്‍ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കണമെന്ന് സിപിഎം പുല്‍പള്ളി ഏരിയ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാര്‍ഷിക പ്രതിസന്ധിയും വരള്‍ച്ചയുംമൂലം കടക്കെണിയിലായി ആത്മഹത്യയില്‍ അഭയംതേടിയ കുടിയേറ്റ കര്‍ഷക ജനതയെ സഹായിക്കാന്‍ ബാധ്യതപ്പെട്ട ബാങ്ക് കര്‍ഷക വിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ വായ്പയിടപാടില്‍ ഭരണസമിതിയംഗങ്ങള്‍ തട്ടിയെടുത്തത് കോടിക്കണക്കിന് രൂപയാണെന്നും സഹകരണ ബാങ്ക് സെക്ഷന്‍ 65 പ്രകാരം നടത്തിയ അന്വേഷണത്തില്‍ തെളിവ് സഹിതം കണ്ടെത്തിയിരിക്കുകയാണെന്നും ബാങ്ക് പ്രസിഡന്റ് കെ.കെ. അബ്രഹാം, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടിഎസ് ദിലീപ് കുമാര്‍ കര്‍ഷക കോണ്‍ഗ്രസ് നേതാവ് ടോമി തേക്കുമല, ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്റ് സണ്ണി തോമസ്, വി.എം. പൗലോസ്, എന്‍. യു. ഉലഹന്നാന്‍, സി.വി. വേലായുധന്‍, സുജാത ദിലീപ്ബന്ദു ചന്ദ്രന്‍, ഫിലോമിന കാഞ്ഞൂക്കാരന്‍ എന്നീ ഭരണ സമിതിയംഗങ്ങള്‍, കെ.ടി. രമാദേവി, ഇന്റേണല്‍ ഓഡിറ്റര്‍ പി.യു. തോമസ് എന്നിവര്‍ മുഖാന്തരം 60050500 രൂപയുടെ നഷ്ടം വരുത്തിയതുള്‍പ്പെടെ ആകെ നഷ്ടം 9 കോടി നാല്പത് ലക്ഷമായി വര്‍ധിച്ചതായി കണ്ടെത്തി. പവര്‍ ഓഫ് അറ്റോണി ഉപയോഗിച്ച് ഭരണസമിതിയംഗങ്ങളുടെ അടുത്ത ബന്ധുക്കള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കം ക്രമം വിട്ട് വായ്പ നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് പതിറ്റാണ്ട് കാലമായി ഭരണപരമായ വിഴ്ചകളിലൂടെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിലാണ് പത്ത് കോടി രൂപയുടെ വായ്പ തട്ടിപ്പ് അരങ്ങേറിയത്. പ്രസിഡന്റിന്റെ സന്തത സഹചാരിയായ കോണ്‍ഗ്രസ് നേതാവ് സജീവന്‍ കൊല്ലപ്പള്ളിയുടെ അക്കൗണ്ടിലൂടെയാണ് കോടികള്‍ മാറിയെടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്കിന് പുറത്തുള്ള ഒരാള്‍ എങ്ങനെയാണ് ബാങ്കിന്റെ സര്‍വാധി കാരിയായതെന്നതില്‍ ദുരൂഹതയുണ്ട്. അഴിമതിക്ക് കൂട്ടുനിന്ന ഭരണസമിതിയ്‌ക്കെതിരേയും ഉദ്യോഗസ്ഥര്‍ക്കെതിരേയും ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും ജനവിരുദ്ധ നിലപാട് സ്വീകരിച്ച ബാങ്ക് ഭരണ സമിതി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ 22ന് ബാങ്കിലേക്ക് ബഹുജന മാര്‍ച് നടത്തുമെന്നും സിപിഎം നേതാക്കള്‍ പറഞ്ഞു. പി.എസ്.ജനാര്ദനന്‍, ഏരിയ സെക്രട്ടറി എംഎസ് സുരേഷ്ബാബു, അനില്‍ സി കുമാര്‍, സജി തൈപ്പറമ്പില്‍, പ്രകാശ് ഗഗാറിന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!