പാലിയേറ്റീവ് നഴ്‌സിനെ പിരിച്ചു വിടാനൊരുങ്ങി തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത്
ആരോഗ്യ രംഗത്ത് മാലാഖയെന്ന് അവകാശപ്പെടുമ്പോഴും കൊവിഡ് കാലത്ത് പാലിയേറ്റീവ് നഴ്‌സിനെ പിരിച്ചു വിടാനൊരുങ്ങി തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത്. നഴ്‌സിനെ പിരിച്ചു വിട്ടാല്‍ സമര പരിപാടിയുമായി രംഗത്തിറങ്ങുമെന്ന് പ്രതിപക്ഷ എല്‍.ഡി.എഫ് അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.അതെ സമയം കാലാവധി കഴിഞ്ഞതിനാല്‍ പുതിയ ഇന്റര്‍വ്യു നടത്തി നഴ്‌സിനെ എടുക്കാനാണ് തീരുമാനിച്ചതെന്ന് ഭരണ സമിതി വ്യക്തമാക്കി.
2008 ല്‍ 1200 രൂപ മാസ വേതനത്തിന് ജോലിയില്‍ പ്രവേശിച്ച നഴ്‌സിനെയാണ് പഞ്ചായത്ത് പിരിച്ചു വിടാനൊരുങ്ങുന്നത്.
കഴിഞ്ഞ 13 വര്‍ഷമായി തവിഞ്ഞാല്‍ പഞ്ചായത്തില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന നഴ്‌സിനെയാണ് തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി പിരിച്ചു വിടാനൊരുങ്ങുന്നത്. സ്വാന്തന പരിചരണ രംഗത്ത് മികച്ച പ്രവര്‍ത്തനമാനം കാഴ്ച വെച്ച നഴ്‌സിന് തൊഴില്‍ പരമായ നീതിപോലും നല്‍കാതെയാണ് പിരിച്ചു വിടാന്‍ തീരുമാനിച്ചത്. കൊവിഡ് കാലത്ത് സ്വകാര്യ മേഖലയില്‍ ആയാല്‍ പോലും അരോഗ്യ പ്രവത്തകരെയും മറ്റും പിരിച്ചു വിടരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നിര്‍ദ്ദേശം പോലും പാലിക്കാതെ നഴ്‌സിനെ പിരിച്ചു വിട്ടാല്‍ പ്രത്യക്ഷ സമര പരിപാടികളടക്കമുള്ള തീരുമാനങ്ങളുമായി മുന്നോട്ട് പോകുമെന്ന് എല്‍.ഡി.എഫ് പഞ്ചായത്ത് മെമ്പര്‍മാര്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.കെ. അയ്യപ്പന്‍, കെ.ഷബിത, കെ.എ മനേഷ് ലാല്‍, ശ്രീലത കൃഷ്ണന്‍, പുഷ്പ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.