ഇസ്ലാമിക കലണ്ടറായ ഹിജ്റ വര്‍ഷ പ്രകാരം ഒന്‍പതാം മാസമായ റമദാന്‍ മാസത്തില്‍ വിശ്വാസികള്‍ നിര്‍ബന്ധവ്രതമെടുക്കേണ്ടതുണ്ട്. റമദാന്‍ മാസത്തിലെ വ്രതം വിശ്വാസികള്‍ക്ക് നിര്‍ബന്ധമാണ്. എന്നാല്‍ കഴിഞ്ഞ 17 വര്‍ഷമായി മുടങ്ങാതെ പുണ്യ റമദാനില്‍ നോമ്പു നോല്‍ക്കുന്ന ബൈജു നമ്പിക്കൊല്ലിയെന്ന യുവാവ് വ്യത്യസ്തനാകുകയാണ്. ഡിവൈഎഫ്ഐ പുല്‍പ്പള്ളി ബ്ലോക്ക് സെക്രട്ടറി, ക്ഷീരസംഘം പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ബൈജുവിന് ഒരൊറ്റ ദിവസം പോലും വ്രതം മുടക്കാതെ പൊതുപ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോകാന്‍ കഴിഞ്ഞിട്ടുമുണ്ട്.
എക്സൈസ് ഡിപ്പാര്‍ട്ട്‌മെന്റിലുള്ള ഭാര്യ സെല്‍മ ജോസ് പിന്തുണയുമായി ബൈജുവിന്റെ കൂടെയുണ്ട്.എന്നാല്‍ ഇതര മത വിഭാഗമായ ക്രൈസ്തവ മതസ്ഥനായ ബൈജു മുസ്ലീം വിഭാഗത്തിനു പോലും അനുകരിക്കാവുന്ന വിധത്തിലാണ് തന്റെ വ്രതം മുന്നോട്ട് കൊണ്ടു പോകുന്നത്. കോളേജ് കാലഘട്ടം പിന്നിട്ട മുതല്‍ ഇക്കാലമത്രയും പുണ്യ റമദാന്‍ വ്രതം വിടാതെ പിന്തുടരാന്‍ ബൈജു കാണിക്കുന്ന ആത്മാര്‍ത്ഥത എടുത്ത് പറയേണ്ടതാണെന്ന് ബൈജുവിന്റെ സഹയാത്രികരായ മുസ്ലീം സഹോദരര്‍ പറയുന്നു.നോമ്പു ദിനങ്ങളില്‍ പുലര്‍ച്ചെ ഭാര്യ സെല്‍മയുണ്ടാക്കി നല്‍കുന്ന ഭക്ഷണം കഴിച്ചാണ് ബൈജു തന്റെ പൊതു പ്രവര്‍ത്തന രംഗത്തേക്ക് ഇറങ്ങുന്നത്. തുടര്‍ന്ന് വൈകുന്നേരം സുഹൃത്തുക്കളുടെ കൂടെ പള്ളികളില്‍ പോയി നോമ്പുതുറക്കും. ലോക്ക് ഡൌണ്‍ പശ്ചാത്തലത്തില്‍ രണ്ട് വര്‍ഷങ്ങളിലായി അധികവും വീട്ടില്‍ തന്നെയാണ് നോമ്പുതുറ. ഭാര്യ സെല്‍മ എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ് മാനന്തവാടി റെയിഞ്ച് ഡബ്ല്യു.സി.ഇ.ഒ ആയി ജോലി ചെയ്ത് വരികയാണ്. ശ്രേയ ഏക മകളാണ്.